പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.
ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതത്തിലും വർദ്ധനവ് വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 342.64 കോടിയാണ് നീക്കിവെച്ചത്. ഇത്തവണ അത് 344.64 കോടി രൂപയാണ്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായി വർധിപ്പിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.കഴിഞ്ഞതവണ ഇത് 25 കോടി രൂപയായിരുന്നു.
ഓട്ടിസം പാർക്കിന്‍റെ വിവിധ പ്രവർത്തനങ്ങൾക്കുള്ള നീക്കിയിരിപ്പ് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് ആവുന്നതാണ്. ഓട്ടിസം പാർക്കിനായി 40 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 65 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.