ഇന്ധന വില വർദ്ധനയും നിത്യ ജീവിത ചെലവേറുന്നതുമായ ബജറ്റ് ചെറുകിട വ്യാപാര-വ്യവസായ-സേവന മേഖലകളെ സാരമായി ബാധിക്കുമെന്നും, സമസ്ത മേഖലയേയും പരിഗണിച്ച ബജറ്റ് റീട്ടെയിൽ വ്യാപാര മേഖലയെ സ്പർശിച്ചില്ലായെന്നും, 2017 ൽ നിർത്തലാക്കിയ വാറ്റ് നികുതി സംബന്ധിച്ച കുടിശ്ശിക തർക്കങ്ങൾ പരിഹരിക്കുവാൻ നിർദേശമില്ലായെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.
കഴിഞ്ഞ ബജറ്റിൽ വിട്ടു പോയതും, സംഘടന ചൂണ്ടികാട്ടിയതിന്‍റെ അടിസ്ഥാനത്തിൽ തുടർന്നുള്ള ബജറ്റ് ചർച്ചയിൽ ധനമന്ത്രി ചെറുകിട വ്യാപാരികൾക്കുള്ള കോവിഡ് സമാശ്വാസ പദ്ധതിയായി വായ്പാ സബ്സിഡി ഇനത്തിൽ നിയമസഭയിൽ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ ആനുകൂല്യം ഒരു വ്യാപാരിക്കും ലഭിച്ചിട്ടില്ല.
വാർഷിക വിഹിതം കൃത്യമായി അടച്ച് അംഗത്വം നിലനിർത്തുന്ന വ്യാപാരികളുടെ ക്ഷേമനിധി പെൻഷൻ 1600 രൂപയിൽ നിന്നും 1350 ആക്കി ചുരുക്കിയ നടപടി മാറ്റമില്ലാതെ തുടരുന്നതും അവശതയനുഭവിക്കുന്ന മുതിർന്ന വ്യാപാരികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപിക്കുന്ന നടപടിയാണ്.
നികുതിയിനത്തിലെ ഏതൊരു വർദ്ധനവും സാധാരണക്കാരന്റെ മാസ കുടുംബ ബജറ്റ് വർദ്ധിക്കും. മിച്ചം വരുന്ന തുച്ഛം തുക മാത്രമാകും നാട്ടിലെ കച്ചവട സ്ഥാപനത്തിലെത്തുകയുള്ളു. ചെറുകിട വ്യാപാര മേഖലയിലൂടെ നിരന്തരമൊഴുകി സർക്കാരിന് വൻ തോതിൽ നികുതി പണമായി പെരുകേണ്ട കറൻസിയിൽ വൻ തോതിൽ കുറവു വരുന്നതും, സംസ്ഥാനത്തിന്റെ പൊതു വരവിനെ സാരമായി ബാധിക്കും.വ്യാപാരികളുടെ വിഷയങ്ങൾ ധനമന്ത്രി വളരെ ഗൗരവത്തോടെ കാണുമെന്ന പ്രതീക്ഷയാണ് വ്യാപാരികൾക്കുള്ളതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് എസ്. എസ്. മനോജ് പറഞ്ഞു