ഭൂമിയുടെ ന്യായവിലയിൽ ഇരുപത് ശതമാനം വർധനക്കുള്ളള്ള ബജറ്റ് ശുപാർശ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ .
വൻകിടക്കാരെക്കാൾ ചെറിയ വസ്തു ഇടപാടുകൾ നടത്തുന്നവർക്കാകും പുതിയ തീരുമാനം കൂടുതൽ ബാധ്യതയുണ്ടാക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്ന തീരുമാനമെങ്കിലും കെട്ടിട നികുതി വർധനവിനുള്ള ധനമന്ത്രിയുടെ തീരുമാനം സാധാരണക്കാരന്റെ ബജറ്റ് താളം തെറ്റിക്കും.
ഒരു ലക്ഷം രൂപയുടെ ഭൂമി ഇടപാട് നടക്കുമ്പോൾ 10000 രൂപയാണ് നികുതി വരുമാനമായി സംസ്ഥാന സർക്കാരിന് കിട്ടുക. ന്യായവില 20% കൂടി ഉയരുമ്പോൾ ഒരു ലക്ഷം രൂപയായിരുന്ന ഭൂമിയുടെ വില 120000 ആയി ഉയരും. സർക്കാരിന് കിട്ടുന്ന നികുതി വരുമാനം 10000 ത്തിൽ നിന്ന് പന്ത്രണ്ടായിരവും ആകും . കുടുംബ സ്വത്തിന്റെ വീതം വയ്പ്പ് ഉൾപ്പെടെയുള്ള എല്ലാ ഭൂമി ഇടപാടുകൾക്കും ഈ വർധന ബാധകമാകും. അതുകൊണ്ടു തന്നെ വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകാരെക്കാൾ ചെറുകിടക്കാരെയും ഇടത്തരക്കാരെയും തന്നെയാകും ഭൂമി വില ഉയർത്താനുള്ള സർക്കാർ തീരുമാനം കാര്യമായി ബാധിക്കുക