വാര്‍ധക്യകാലത്ത് സ്ഥിരവരുമാനത്തിന് മുതിര്‍ന്ന പൗരന്മാര്‍ വലുതായി ആശ്രയിക്കുന്ന രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമും മന്ത്‌ലി ഇന്‍കം സ്‌കീമും (MIS)
കുറഞ്ഞ നിക്ഷേപ പരിധിയായിരുന്നു ഈ നിക്ഷേപ പദ്ധതികളുടെ ഒരു പ്രധാന പോരായ്മ. എന്നാല്‍ ഈ ബജറ്റില്‍ ആ പോരായ്മ പരിഹരിച്ചിരിക്കുന്നു. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ ഇതുവരെ 15 ലക്ഷം രൂപവരെയായിരുന്നു നിക്ഷേപിക്കാന്‍ കഴിയുമായിരുന്നത്. ഇത് 30 ലക്ഷമാക്കിയിരിക്കുകയാണ് ഈ ബഡ്ജറ്റിൽ ധനമന്ത്രി.
ഉദാഹരണത്തിന്
30 ലക്ഷം രൂപ 5 വർഷത്തേക്കു നിക്ഷേപിക്കുന്നയാൾക്ക് ഓരോ 3 മാസത്തിലും 60,000 രൂപ പലിശ ലഭിക്കും. 5 വർഷത്തെ ആകെ പലിശ 12 ലക്ഷം രൂപയും. ജനുവരി മുതൽ ഈ പദ്ധതിയുടെ പലിശനിരക്ക് 8 ശതമാനമാണ്. നിലവിലെ നിക്ഷേപപരിധിയായ 15 ലക്ഷം രൂപയിട്ടാൽ ഓരോ 3 മാസത്തിലും 30,000 രൂപ കിട്ടും.
പലിശ മാസവരുമാനമായി ലഭ്യമാക്കുന്ന ഇന്‍കം സ്‌കീമിന്റെ (monthly income scheme) നിക്ഷേപ പരിധി 4.5 ലക്ഷത്തില്‍ നിന്ന് 9 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. ഭാര്യയും ഭര്‍ത്താവും ജോയിന്റ് അക്കൗണ്ട് തുടങ്ങിയാല്‍ നിക്ഷേപ പരിധി 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കിയും ഉയര്‍ത്തിയിട്ടുണ്ട് .
ഇതനുസരിച്ച് 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 8,875 രൂപ പലിശയായി ലഭിക്കും. പുതിയ തീരുമാനം സംബന്ധിച്ച് വിജ്ഞാപനം ഉടൻ ഇറങ്ങിയേക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന് പ്രതിവര്‍ഷം 8 ശതമാനവും മന്ത്‌ലി ഇന്‍കം സേവിംഗ്‌സ് സ്‌കീമില്‍ 7.1 ശതമാനവും പലിശ ലഭിക്കും.
60 വയസ്സു കഴിഞ്ഞവർക്കും 55 കഴിഞ്ഞ് ജോലിയിൽനിന്നു വിരമിച്ചവർക്കും എസ്‍സിഎസ്എസിന്റെ ഭാഗമാകാം. മച്യുരിറ്റി കാലയളവ് 5 വർഷമാണ്. നിക്ഷേപകന് ഇതു വേണമെങ്കിൽ 3 വർഷം നീട്ടാം. മിനിമം നിക്ഷേപത്തുക 1,000 രൂപയാണ്