പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം

ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. ഇനി മുതല്‍ നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ  മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് വീഡിയോ കാണാന്‍ സാധിക്കില്ല.  ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്തി പാസ് വേഡ് കൈമാറ്റം നിയന്ത്രിക്കാനാണ് നെറ്റ്ഫ്ലിക്‌സ് തീരുമാനം. ഇതിനായി  മാസം തോറും ഒരിക്കലെങ്കിലും  ഒരേ നെറ്റ്ഫ്ലിക്‌സ് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്തിട്ടുള്ള ഡിവൈസ് ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍  ആവശ്യപ്പെടും. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം  കൊണ്ടുവന്നിരിക്കുന്നത്. പാസ് വേഡ് പങ്കുവെക്കല്‍ നിയന്ത്രിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു

പാസ് വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല നെറ്റ്ഫ്‌ളിക്‌സ്  പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതിയെന്നാണ് പുതിയ അപ്ഡേറ്റിലൂടെ നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ടു വയ്ക്കുന്നത്. അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ആണ് ഇതിനായി പരിഗണിക്കുക. ഈ ലൊക്കേഷനിലെ വൈഫൈയുമായി പാസ് വേഡ് പങ്കുവെയ്ക്കപ്പെട്ടവരുടെ ഡിവൈസ് ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ഇത്തരത്തില്‍ വേരിഫിക്കേഷന്‍  നെറ്റ്ഫ്‌ളിക്‌സ് ആവശ്യപ്പെടും.

ഒരേ വൈഫയില്‍ നിന്നല്ലാതെ മറ്റൊരു ലൊക്കേഷനിലുള്ള ആള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം എന്നാണ് നെറ്റ്ഫ്‌ളിക്‌സിന്‍റെ പുതിയ അപ്ഡേറ്റ്  പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങലുടെ പ്രൈമറി അക്കൌണ്ടിലെ  ലൈക്കുകളും, ഡിസ് ലൈക്കുകളും അടക്കമുള്ള പ്രൊഫൈല്‍ ഹിസ്റ്ററിയും മറ്റ് വ്യക്തിഗത വിവരങ്ങളും പുതിയ  അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നും നെറ്റ്ഫ്ലിക്സ് പറയുന്നു. 

ഇതിന് പുറമെ പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ഒരു താല്‍കാലിക് കോഡ് ജനറേറ്റ് ചെയ്യണം. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണുണ്ടാവുകയെന്നും പുതിയ അപ്ഡേറ്റില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പാസ് വേഡ് പങ്കുവെക്കുന്നതിലൂടെ പരമാവധി ഉപഭോക്താക്കളെ പണം നല്‍കി നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ കാണാന്‍ നിര്‍ബന്ധിതരാക്കാനാണ് കമ്പനി  ശ്രമിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *