വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന്റെ ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.
കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് പരിശോധിച്ച് അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും. കേരളത്തിന്റെ റെയിൽവേ, മറ്റു പശ്ചാത്തല സൗകര്യ വികസന പദ്ധതികളോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകണമെന്നും ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റ് സമ്മേളനത്തിൽ തന്നെ ഉണ്ടാകണമെന്നും കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അവഗണനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് അവഗണനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. റെയിൽവേ പദ്ധതികളില്ല. എയിംസ് പ്രഖ്യാപിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ബജറ്റിൽ വെട്ടിച്ചുരുക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള തുക കഴിഞ്ഞ ബജറ്റിൽ 2.14 ലക്ഷം കോടിയായിരുന്നത് ഈ ബജറ്റിൽ 1.57 ലക്ഷം കോടിയായി കുറഞ്ഞു. ധാന്യങ്ങൾ കർഷകരിൽനിന്നും സംഭരിക്കുന്നതിനു പ്രതിഫലമായി നൽകുന്ന തുകയും കുറഞ്ഞു. കേന്ദ്ര പദ്ധതികൾക്കുള്ള പണം ഇൻപുട് അടിസ്ഥാനത്തില്‍ നൽകിയിരുന്നത് റിസൽട്ട് അടിസ്ഥാനത്തിലാക്കാനാണ് തീരുമാനം.