വിവിധ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതികൾ ഏകോപിപ്പിച്ച് സ്ത്രീ സൗഹൃദ ടൂറിസം ശൃംഖല രൂപീകരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ഈ പാക്കേജിലെ എല്ലാ ഘടകങ്ങളും നിയന്ത്രിക്കുക സ്ത്രീകളായിരിക്കും.കേരളത്തെ സമ്പൂർണ്ണ സ്ത്രീ സൗഹാർദ വിനോദസഞ്ചാര കേന്ദ്രംമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റയ്ക്കും കൂട്ടമായുമുള്ള സ്ത്രീകളുടെ യാത്രയുടെ കുതിപ്പ് ലോകമെമ്പാടും നടക്കുമ്പോൾ കേരളവും മാറേണ്ടതുണ്ട്. ഇത്തരമൊരു പദ്ധതി ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നടപ്പാക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ബജറ്റിൽ അനുവദിച്ച ഫണ്ടിൽ 50% നീക്കിവെച്ചതു സ്ത്രീസൗഹൃദ പദ്ധതികൾക്കാണ്.
ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളിൽ 80% നടത്തുന്നതു സ്ത്രീകളാണ്.
സ്ത്രീ സൗഹൃദ വിനോദസഞ്ചാര പദ്ധതി നടപ്പാക്കുമ്പോൾ സ്ത്രീകൾക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ടൂറിസം കേന്ദ്രങ്ങൾ ഉറപ്പാക്കണമെന്നു മുഖ്യപ്രഭാഷണം നടത്തിയ യുഎൻ വിമൻ ഡെപ്യൂട്ടി റപ്രസൻ്റേറ്റിവ് കാന്താ സിങ് പറഞ്ഞു. യുഎൻ പരിപാടിയായ ‘ ജെൻഡർ ഇൻക്ലൂസീവ് ടൂറിസ’ ത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷനുമായി ധാരണാപത്രം ഒപ്പിടുമെന്നും അവർ പറഞ്ഞു.