ദീപാവലിദിനസന്ധ്യയിലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിച്ചതോടെ നിക്ഷേപകർക്കു വിപണിയുടെ ഭാവിയിൽ കനത്ത പ്രതീക്ഷ. ലക്ഷ്മി പൂജയ്ക്കുശേഷം നടന്ന വ്യാപാരത്തിൽ ഓൺലൈനായും ട്രേഡിങ് ടെർമിനലുകളിലൂടെയും രാജ്യത്തെങ്ങുമുള്ള ഓഹരി നിക്ഷേപകർ പങ്കെടുത്തു. സെന്‍സെക്സിലും നിഫ്റ്റിയിലും 0.9% വർധനയാണ് രേഖപ്പെടുത്തിയത്.
ബഹുഭൂരിപക്ഷം ഓഹരികളുടെയും വിലയിൽ വർധന രേഖപ്പെടുത്തിയ വ്യാപാരം മിക്ക വ്യവസായങ്ങളിലും വിപണിക്കുള്ള വിശ്വാസം ബലപ്പെടുത്തുന്നതായി. ബാങ്ക് ഓഹരികളാണ് മുന്നേറ്റത്തിനു പ്രധാനമായും നേതൃത്വം നൽകിയത്.
ഹൈന്ദവ സാമ്പത്തിക വർഷമായി കണക്കാക്കുന്ന സംവത് 2079നു തുടക്കംകുറിക്കുന്നതു പ്രമാണിച്ചായിരുന്നു മുഹൂർത്ത വ്യാപാരം. ആദ്യ ദിന വ്യാപാരത്തിലെ നേട്ടം വർഷാവസാനം വരെ ആവർത്തിക്കുമെന്നാണ് വിശ്വാസം.
മുഹൂർത്ത വ്യാപാരത്തിൽ വൻ നേട്ടം കൈവരിച്ചതോടെ ഒരുവർഷത്തിനകം സെൻസെക്സ് 70,000 പോയിൻ്റിലും നിഫ്റ്റി 20,000 പോയിൻ്റിലും എത്തുമെന്ന പ്രവചനത്തിനു വിശ്വാസതയേറി. മുഹൂർത്ത വ്യാപാരത്തിലെ ആവേശം ഇന്നലെ നടന്ന വ്യാപാരത്തിൽ പക്ഷേ ആവർത്തിച്ചില്ല. സൂചികകൾ പടിയിറങ്ങുകയും ചെയ്തു. ഇന്ന് എക്സ്ചേഞ്ചുകൾ അവധി ആയതിനാൽ വ്യാപാരമില്ല.