ദീപാവലിയോടനുബന്ധിച്ച് വിവിധ വായ്പകളിൽ ആകർഷകമായ ഒട്ടേറെ ഓഫറുകളാണ് ബാങ്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 0.25% ഇളവ് ഭവനവായ്പയിൽ പ്രഖ്യാപിച്ചിരിക്കുന്നു. ഭവനവായ്പാ പലിശനിരക്ക് 8.40 ശതമാനത്തിലാണ് ആരംഭിക്കുക .വീട് പുതുക്കി പണിയാനും മറ്റും ടോപ്പ്അപ്പ് ലോണിൻ്റെ പലിശ 0.15% ഇളവോടെ 8.8 ശതമാനത്തിൽ ആരംഭിക്കുന്നു. വസ്തു ഈട് വച്ച് നൽകുന്ന വായ്പകളുടെ പലിശയ്ക്ക് 0.30 ശതമാനം ഇളവുമുണ്ട്. ഉത്സവകാല ആനുകൂല്യമായി വായ്പകൾക്ക് 2023 ജനുവരി വരെ പ്രോസസിംഗ് ഫീസ് ഒഴിവാക്കി.
എച്ച്ഡിഎഫ്സി 750 ന് മുകളിൽ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഭവന വായ്പാ പലിശ 8.4% മുതൽ വാഗ്ദാനം ചെയ്യുന്നു. നവംബർ 30 വരെയാണ് ഓഫർ.
ദീപാവലിയോടനുബന്ധിച്ച് ബാങ്ക് ഓഫ് ബറോഡയുടെ ഭവന വായ്പ പലിശ 8.45%ൽ ആരംഭിക്കുന്നു. ഇതേ പലിശനിരക്കിൽ ആരംഭിക്കുന്ന കാർ ലോണും പ്രഖ്യാപിച്ചിട്ടുണ്ട്. കാർ വായ്പ നേരത്തെ അടച്ചു തീർക്കുന്നതിന് പ്രത്യേക ചാർജ് ഈടാക്കുന്നതല്ല. എച്ച്ഡിഎഫ്സി ബാങ്ക് കാർ ലോണിന് ഈടാക്കുന്നത് 7.9 ശതമാനം മുതലുള്ള പലിശനിരക്കാണ്. വായ്പ കാലാവധി പകുതി കഴിഞ്ഞാൽ (മിനിമം 24 മാസം) പ്രത്യേക ഫീസ് അടയ്ക്കാതെ എപ്പോൾവേണമെങ്കിലും ക്ലോസ് ചെയ്യാം. സ്വർണ്ണ വായ്പയുടെ പ്രോസസിംഗ് ഫീസിൽ 50% ഇളവും എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നു.
ഐസിഐസിഐ ബാങ്കിൻറെ ഭവനവായ്പയുടെ പ്രോസസിംഗ് ചാർജ് ഫ്ലാറ്റ് 999 രൂപയാണ്. കാർ ലോണിന് ഇത് 1999 രൂപ. എന്നാൽ ഓൺറോഡ് വിലയുടെ 100% ലോൺ ആയി ലഭിക്കും. വ്യക്തിഗത വായ്പകളുടെ 12 ഇഎംഐ അടച്ചു തീർത്താൽ പ്രത്യേക ഫീസ് ഇല്ലാതെ ക്ലോസ് ചെയ്യാം.
ഫെസ്റ്റിവൽ ബോണാൻസ് എന്നപേരിൽ പഞ്ചാബ് നാഷണൽ ബാങ്ക് കാർ, ഭവനവായ്പകളുടെ പ്രോസസിംഗ്,ഡോക്യുമെൻ്റേഷൻ ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
യൂണിയൻ ബാങ്കും രണ്ടു വായ്പകൾക്കും പ്രോസസിംഗ് ഫീസ് ഇളവ് നൽകുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഭവന വായ്പ പലിശ 8.30% മുതലാണ്. കാർ ലോണിന് ഇത് 8.7 0% മുതൽ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവന വായ്പാ പലിശ നിരക്ക് 7.50 ശതമാനത്തിൽ തുടങ്ങുന്നു. കാർലോൺ 7.65% മുതൽ. കാർ ലോണിന് പ്രോസസിംഗ് ഫീസ് ഇല്ല.