ഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്ന് തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്.കടം തിരിച്ചടവിനും മറ്റു ചിലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണി ഇന്ന് വ്യാപാരം പുനരാരംഭിക്കുന്നത്.ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു.ഇന്ന് അതിന്‍റെ തുടർച്ചയുണ്ടാകുമോ എന്നും സാമ്പത്തിക ലോകം ഉറ്റുനോക്കുകയാണ്.
കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി ഇന്ത്യയിലേയും അമേരിക്കയിലെയും നിയമ സാധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അദാനി എന്‍റെർപ്രസസിന്‍റെ FPO അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിൻഡൻബെർഗ് റിസർച്ച് ഒരു റിപ്പോർട്ട് പുറത്ത് വിട്ട് നടത്തിയതെന്ന് കമ്പനി ആരോപിക്കുന്നു.