ഹൈന്ദവ സാമ്പത്തിക വർഷമായി കണക്കാക്കുന്ന സംവത് 2079ന് ഇന്നു തുടക്കം കുറിക്കുന്നതു പ്രമാണിച്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഒരു മണിക്കൂർ മാത്രമുള്ള മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നത് അടുത്ത 52 ആഴ്ചകളിൽ നടത്തുന്ന ഇടപാടുകളിൽനിന്നു കൈവരുന്നതു വലിയ നേട്ടങ്ങളാകണമെന്ന ആഗ്രഹത്തിനു തിരികൊളുത്തുന്ന മുഹൂർത്ത വ്യാപാരം ഇന്ന്. ഓൺലൈനായും രാജ്യത്തെങ്ങുമുള്ള ട്രേഡിങ് ടെർമിനലുകളിലൂടെയും ഇടപാടുകൾ നടത്താം.
ദീപാവലി പ്രമാണിച്ചു അവധിയായതിനാൽ ഇന്നു പതിവു വ്യാപാരമില്ല.
ലക്ഷ്മി പൂജയ്ക്കുശേഷം വൈകിട്ട് 06.15 മുതൽ 07.15 വരെയാണു മുഹൂർത്ത വ്യാപാരം. പുതുവർഷത്തിൻ്റെ ആദ്യ ദിനം വ്യാപാരത്തിലെ നേട്ടം വർഷാവസാനം വരെ ആവർത്തിക്കുമെന്നാണ് വിശ്വാസം. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ 7 നവവത്സര ദിനത്തിലും വില സൂചികകളിൽ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
ഇന്നലെ അവസാനിച്ച സംവത് 2078ൽ ഓഹരി നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 11.3 ലക്ഷം കോടി രൂപയുടെ വർധന രേഖപ്പെടുത്തി. റഷ്യ-യുക്രെയ്ൻ യുദ്ധം, വിവിധ കേന്ദ്ര ബാങ്കുകളുടെ പലിശ നയം, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, കുതിച്ചുയർന്ന പണപ്പെരുപ്പം, ആഗോള സാമ്പത്തിക മാന്ദ്യത്തിൻ്റെ മുന്നറിയിപ്പുകൾ തുടങ്ങി പ്രാതികൂല്യങ്ങളുടെ പ്രളയത്തിലും ഇന്ത്യൻ വിപണിക്കു മറ്റു വികസ്വര വിപണികളിൽ നിന്നു വേറിട്ടു നിൽക്കാനായെന്നതു ശ്രദ്ധേയം.
സംവത് 2078 അവസാനിക്കുമ്പോൾ സെൻസെക്സ് 59,307.15 പോയിൻ്റിലായിരുന്നു. നിഫ്റ്റി 17,576.30 പോയിൻ്റിലും. സംവത് 2079 അവസാനിക്കുമ്പോഴേക്കു സെൻസെക്സ് 70,000 പോയിൻ്റിലും നിഫ്റ്റി 20,000 പോയിൻ്റിലും എത്തുമെന്നുവരെ പ്രവചനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നു നടക്കുന്ന മുഹൂർത്ത വ്യാപാരം ആ മുന്നേറ്റത്തിൻ്റെ ആദ്യകാൽവായ്പാകാം.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതൽ മുഹൂർത്ത വ്യാപാരത്തിനു വേദിയൊരുക്കുന്നു; നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും.
മുഹൂർത്ത വ്യാപാരം സംബന്ധിച്ച വിശ്വാസത്തെ ആശ്രയിക്കുമ്പോഴും വിപണിക്ക് വിസ്മരിക്കാനാവാത്ത ചില യാഥാർത്ഥ്യങ്ങളുണ്ട്. നിലയ്ക്കാത്ത പണപ്പെരുപ്പം, വായ്പ നിരക്കുകൾ തുടർന്നും വർദ്ധിക്കാനുള്ള സാഹചര്യം, നിദേശ നിക്ഷേപകരിൽ നിന്നുള്ള വിൽപ്പന സമ്മർദ്ദം, യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് സംഭവിക്കുന്ന വിലയിടിവ്, യുഎസിലും യൂറോപ്പിലും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത എന്നിങ്ങനെ പട്ടിക നീളുന്നു.
എന്നാൽ ലോകസമ്പദ്വ്യവസ്ഥയിൽ നിന്നു വേറിട്ടു നിൽക്കാൻ ശേഷിയുള്ള ‘ ഡീ കപ്പിൾഡ് ഇക്കോണമി ‘ എന്ന നിലയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നുവെന്നും അതിനാൽ ഇന്ത്യൻ വിപണിക്ക് ബാഹ്യ ആഘാതങ്ങളെ അതിജീവിക്കാനാകുമെന്നുമുള്ള അനുമാനങ്ങൾ പ്രതീക്ഷയ്ക്കു വക നൽകുന്നുമുണ്ട്.
മുഹൂർത്ത വ്യാപാരത്തിനു ശേഷം ഓഹരി വിപണിയിൽ നാളെ ഇടപാടുകൾ പുനരാരംഭിക്കും. എന്നാൽ ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് ബുധനാഴ്ച വിപണിക്ക് അവധിയായിരിക്കും.