ദേശീയ ലോജിസ്റ്റിക്സ് നയം,കേരളത്തിലെ തുറമുഖങ്ങൾക്ക് നേട്ടമാകും

തീരദേശ വ്യാപാരരംഗത്ത് തന്ത്രപ്രധാനമായ സാന്നിധ്യവും 585 കിലോമീറ്റർ നീളമുള്ള തീരവും ഉൾക്കൊള്ളുന്ന കേരളത്തിന്, തുറമുഖങ്ങൾ വഴി കയറ്റുമതി – ഇറക്കുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനന്ത സാധ്യതകൾ ഉണ്ടെന്ന് ആഗോള തുറമുഖ കമ്പനിയായ ഡി.പി. വേൾഡ് (സബ് കോണ്ടിനൻ്റ്) സി. ഇ.ഒ.യും എം.ഡി.യുമായ റിസ്വാൻ സൂമർ.


2021 – ൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ലോജിസ്റ്റിക്സ് കർമ പദ്ധതിയിൽ, ചരക്കുനീക്കത്തിൽ റോഡ് ഗതാഗതത്തെക്കാൾ റെയിൽ, ജലഗതാഗത മാർഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നു.
തുറമുഖങ്ങളിലേക്കും ഉൾനാടൻ ജലപാത കളിലേക്കും ബഹുവിധ കണക്ടിവിറ്റി പ്രോത്സാഹിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈ ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാരിൻറെ ദേശീയ ലോജിസ്റ്റിക്സ് നയം കൂടുതൽ ആവേശം പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാത്രമല്ല, സംസ്ഥാനത്തെ തുറമുഖങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും നവീകരണത്തിനും ചെറുകിട തുറമുഖങ്ങളുടെ നിർമ്മാണത്തിനും ഇത് പ്രോത്സാഹനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


ചരക്കുനീക്കത്തിൻ്റെ 45 ശതമാനം റോഡ് മാർഗവും 40 ശതമാനവും റെയിൽ മാർഗവും 15 ശതമാനം കപ്പൽ, ഉൾനാടൻ ജലപാതകൾ വഴിയുമാക്കി മാറ്റിക്കൊണ്ടുള്ള മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സംവിധാനമാണ് ദേശീയ ലോജിസ്റ്റിക്സ് നയം ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാനും ആഗോളവിപണിയിൽ ഇന്ത്യൻ കയറ്റുമതി കൂടുതൽ മത്സരാധിഷ്ഠിതമാക്കാനും പുതിയ നയം സഹായകമാകും.
വരും വർഷങ്ങളിലെ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിനുള്ള പദ്ധതിരേഖ കൂടിയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *