കേരളത്തിന് കടം വാങ്ങാൻ ഇനി പലിശ കൂടും

രാജ്യാന്തര ഏജൻസി കേരളത്തിൻ്റെയും കിഫ്ബിയുടെയും റേറ്റിംഗ് താഴ്ത്തി

കൊച്ചി: രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് കേരളത്തിൻ്റെയും കിഫ്ബിയുടെയും റേറ്റിംഗ് കുറച്ചതോടെ സംസ്ഥാനത്തിൻ്റെ കടപ്പത്രങ്ങൾക്കു പലിശ കൂടും. നിലവിൽ സാമ്പത്തികസ്ഥിതി പരിതാപ അവസ്ഥയിലുള്ള പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾ കൂടിയ പലിശയ്ക്കു മാത്രം ഏറ്റെടുക്കുന്ന അവസ്ഥ കേരളത്തിനും വന്നേക്കും.


ഫിച്ച് റേറ്റിങ് ഏജൻസി കേരളത്തിനും കിഫ്ബിക്കും നേരത്തെ ‘ ബി ബി സ്റ്റേബിൾ’ റേറ്റിങ് ആണു നൽകിയിരുന്നത്. കേരളം മസാല ബോണ്ട് രാജ്യാന്തര വിപണിയിൽ വിറ്റപ്പോൾ ഈ റേറ്റിംഗ് സഹായകമായി. കഴിഞ്ഞ ഏഴിന് കേരളത്തിൻറെ റേറ്റിങ്ങും 17 കിഫ്ബിയുടെ റേറ്റിങ്ങും ‘ബി ബി നെഗറ്റീവാ ‘യി താഴ്ത്തി.


സംസ്ഥാന ആഭ്യന്തര വരുമാനത്തെ അപേക്ഷിച്ച് (ജിഎസ്ഡിപി) സഞ്ചിതകടം അമിതമായതാണ് റേറ്റിംഗ് കുറയ്ക്കാൻ കാരണം. വായ്പാ തിരിച്ചടവുശേഷി കുറഞ്ഞതായി കണക്കാക്കുന്നു. സംസ്ഥാനം കടപ്പത്രം വിപണിയിൽ വിൽക്കാൻ എത്തുമ്പോൾ, വാങ്ങുന്ന ബാങ്കുകൾ ഈ റേറ്റിങ് കൂടി പരിഗണിച്ചാൽ പലിശനിരക്ക് കൂടുമെന്നു വിദഗ്ധർ വിലയിരുത്തുന്നു.

വലിയ പിഴ
10 വർഷം കൊണ്ട് തിരിച്ചടവ് നടത്തേണ്ട കടപ്പത്രങ്ങൾക്ക് നിലവിൽ കേന്ദ്ര സർക്കാർ നൽകേണ്ട പലിശ ഇപ്പോൾ 7.4 ശതമാനമാണ്. അതിനേക്കാൾ 30-40 അടിസ്ഥാന പോയിൻറ് കൂട്ടി ഏകദേശം 7.75 ശതമാനത്തിനാണ് സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾക്ക് പലിശ നൽകേണ്ടത്. പക്ഷേ വായ്പാ തിരിച്ചടവ് ശേഷി കുറഞ്ഞ സംസ്ഥാനങ്ങൾ ഈ നിരക്കിലും കൂടുതൽ നൽകണം. 0.2% മുതൽ 0.5% വരെയാണ് അധികം നൽകേണ്ടി വരിക. അങ്ങനെയെങ്കിൽ മറ്റു സംസ്ഥാനങ്ങൾ 7.75% പലിശ നൽകേണ്ടപ്പോൾ കേരളം 7.95% മുതൽ 8.25% വരെ നൽകേണ്ടിവരും. സമ്പദ് വ്യവസ്ഥയെ തകർച്ചയിലെത്തിച്ചതിനു പിഴ കൊടുക്കേണ്ടിവരുന്ന പോലെയാകും ഈ അധിക നിരക്ക്!
പക്ഷേ പലിശ കൂടിയാലും കടപ്പത്ര വിൽപ്പനയെ ബാധിക്കില്ലെന്ന് ബാങ്കിംഗ് വൃത്തങ്ങൾ പറയുന്നു.

കടം 3.32 ലക്ഷം കോടി കവിഞ്ഞു
വികസന ആവശ്യങ്ങൾക്കെന്നപേരിൽ കേരളം പൊതുവിപണിയിൽ കടപത്രം ഇറക്കി സമാഹരിക്കുന്ന പണം ശമ്പളത്തിനും പെൻഷനും മറ്റുമായിട്ടാണ് ചെലവാക്കുന്നതെന്നത് പരസ്യമാണ്.കേരളത്തിൻ്റെ സഞ്ചിതകടം ഇപ്പോൾ 3.32 ലക്ഷം കോടിയിലേറെയാണ്. ആഭ്യന്തര വരുമാനം ഏകദേശം 9 ലക്ഷം കോടി. ആഭ്യന്തര വരുമാനത്തിൻ്റെ 36% വരെ സഞ്ചിതകടം എത്തിയ അപകടകരമായ അവസ്ഥയിലാണ് കേരളം.

Leave a Reply

Your email address will not be published. Required fields are marked *