കേരളത്തിലെ സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ താൽപര്യമുണ്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ആയ ബ്ലാക്ക് സ്റ്റോണിൻ്റെ സീനിയർ മാനേജിങ് ഡയറക്ടർ മുകേഷ് മേത്ത.
ഐബിഎസ് സോഫ്റ്റ്‌വെയറിൻ്റെ രജത ജൂബിലി ആഘോഷ ചടങ്ങിനിടെ വേദിയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ആണ് അദ്ദേഹം ഇതു പറഞ്ഞത്.മികച്ച അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവ-നൈപുണ്യ ശേഷിയുമൊരുക്കി കൂടുതൽ സംരംഭകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയ്ക്കു മറുപടിയായിട്ടാണ് മേത്ത ഇതു പറഞ്ഞത്.
കേരളത്തിലെ അടിസ്ഥാനസൗകര്യ മേഖലയിലെ വ്യാപ്തി, മനുഷ്യശേഷി, മലയാളികളുടെ തൊഴിലിനോടുള്ള അർപ്പണബോധം എന്നിവ വലുതാണെന്നും ഐബിഎസിൻറെ വളർച്ച ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയിൽ കേരളം ആകും വരുംകാലത്ത് നിർണായക പങ്കു വഹിക്കുക. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗോള ഭീമന്മാർ ഇവിടേക്കെത്തുമെന്നു പ്രതീക്ഷിക്കാം. കേരള സർക്കാരുമായി ഏതൊക്കെ മേഖലയിൽ സഹകരണം ആകാം എന്ന വിഷയത്തിൽ ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.