യു എസ് ഡോളറുമായുള്ള വിനിമയത്തിൽ കരുത്തു ചോരുന്ന രൂപ 83.02 നിലവാരത്തിൽ ചരിത്രത്തിലാദ്യമാണ് നിരക്ക് ഇത്രയും താഴ്ന്ന നിലവാരത്തിൽ എത്തുന്നത്. പണപ്പെരുപ്പത്തെ മെരുക്കാൻ പ്രയാസപ്പെടുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു (ആർബിഐ) കറൻസിയുടെ മൂല്യ സംരക്ഷണവും കടുത്ത തലവേദനയാകുകയാണ്.
ഇന്നലെ ഒറ്റ ദിവസം മാത്രം 0.66 രൂപയുടെ ഇടിവാണ് രൂപയ്ക്ക് നേരിട്ടത്. കഴിഞ്ഞദിവസം വിദേശനാണ്യ വിപണിയിലെ ‘ ക്ലോസിങ് ‘ നിലവാരം 82.36 ആയിരുന്നു. 0.8 ശതമാനത്തിൻ്റേതാണ് വീഴ്ച.
ഡോളറൊന്നിന് രൂപയുടെ വില 82.40 വരെ പിടിച്ചുനിർത്തുന്നതിൽ ആർബിഐ താല്പര്യം കാണിച്ചെങ്കിലും പിന്നെ വിപണിയെ കൈ വിടുകയാണുണ്ടായതെന്നു വിദേശനാണ്യ വിപണിയിലെ വ്യാപാരികൾ പറയുന്നു.
യുഎസിലെ ട്രഷറി ബോണ്ടുകളുടെ പലിശ വർദ്ധനയാണ് വിവിധ രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ ഡോളറിനു പ്രിയം വർധിച്ചത്. അതിനിടെ, അടുത്തമാസം ആദ്യം യുഎസ് ഫെഡറൽ റിസർവിൻ്റെ യോഗം ചേരുന്നുണ്ട്. ഫെഡ് റിസർവ് പലിശ നിരക്കിൽ വീണ്ടും വർധന പ്രഖ്യാപിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വർധന 0.75% വരെയാകുമെന്നു കരുതുന്നു. അങ്ങനെയെങ്കിൽ രൂപയുടെ മൂല്യം 84.00 – 85.00 നിലവാരത്തിലേക്കു കൂപ്പുകുത്തുമെന്നാണ് വിദേശനാണ്യ വിപണി നിരീക്ഷിക്കുന്ന വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഡോളറിൻറെ വിലക്കയറ്റംമൂലം ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ ഗണ്യമായ ഇടിവാണ് ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ ഏഴിനു അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യശേഖരം 53,286,80 കോടി ഡോളർ മാത്രമായിരുന്നു.