കെഫോൺ- കേബിളുകളിൽ ഉപയോഗിക്കാത്തവ പുറംകരാർ നൽകും

കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‍വർക് (കെഫോൺ) വഴി സംസ്ഥാനത്തു സ്ഥാപിച്ച ഫൈബർ കേബിളുകളിൽ, ഉപയോഗിക്കാത്തവ പൂർണമായി പുറംകരാർ നൽകും. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും കണക്‌ഷൻ നൽകിയ ശേഷമുള്ള ഡാർക്ക് ഫൈബർ ബിസിനസ് ആവശ്യത്തിനു വിനിയോഗിക്കാനുള്ള അവകാശമാണു ടെൻഡർ ചെയ്യുക. സ്വകാര്യ കമ്പനികൾ ഉൾപ്പെടെ ആർക്കും ഏറ്റെടുക്കാം. എന്നാൽ കേബിൾ ശൃംഖലയുടെ പൂർണ നിയന്ത്രണാധികാരം കെഫോണിനായിരിക്കും. വർഷം കിലോമീറ്ററിന് 20,000 രൂപ അടിസ്ഥാന നിരക്ക്. 

ഓരോ മേഖലയിലും കൂടുതൽ തുക നൽകാൻ തയാറാകുന്ന കമ്പനിക്കു നിശ്ചിതകാലത്തേക്കു ഫൈബറിന്റെ വിനിയോഗ അവകാശം നൽകും. ഈ ഫൈബർ സ്വന്തമായി ഉപയോഗിക്കുകയോ വാടകയ്ക്കു നൽകുകയോ ചെയ്യാം. ടെൻഡർ തുകയ്ക്കു പുറമേ, കമ്പനികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനവും കെഫോണിനു ലഭിക്കണമെന്ന ശുപാർശയും ഐടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നൽകി. സമിതി റിപ്പോർട്ട് ഐടി വകുപ്പിന്റെ പരിശോധനയിലാണ്

ഡാർക്ക് ഫൈബർ ഔട്സോഴ്സ് ചെയ്യുന്നതിലൂടെ മാത്രം 90 കോടി രൂപയാണു കെഫോൺ വരുമാനം പ്രതീക്ഷിക്കുന്നത്. സർക്കാർ ഓഫിസുകൾക്കും വീടുകൾക്കും നേരിട്ട് ഇന്റർനെറ്റ് എത്തിക്കുക വഴി 170 കോടി രൂപയും ലഭിക്കും. ഇന്റർനെറ്റ് ലീസ് ലൈൻ വഴിയും വരുമാനമുണ്ടാക്കാം. മൊത്തം 300 കോടി രൂപ വാർഷിക വരുമാനം പ്രതീക്ഷിക്കുന്നു. 1168 കോടി ചെലവുള്ള പദ്ധതിക്ക് വർഷം 100 കോടി രൂപ വീതം 11 വർഷത്തേക്കു കിഫ്ബിക്കു വായ്പാ തിരിച്ചടവുണ്ട്. ഇതുവരെ 29,000 സർക്കാർ ഓഫിസുകളിൽ കെഫോൺ കണക്‌ഷൻ നൽകി. 18,500 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു. എന്നാൽ സ്ഥിരമായി ഇന്റർനെറ്റ് നൽകിത്തുടങ്ങിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *