ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മോസ്കോ കുറച്ച് മാസങ്ങളായി തുടരുകയാണ്. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരം ഡിസംബറിൽ ഇന്ത്യ ആദ്യമായി റഷ്യയിൽ നിന്ന് പ്രതിദിനം 1 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഡിസംബറിൽ മാത്രം റഷ്യ 1.19 ദശലക്ഷം ബിപിഡി ക്രൂഡ് ഓയിൽ ഇന്ത്യക്ക് നൽകി. നവംബറിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 909,403 ബിപിഡി ക്രൂഡ് ഓയിലാണ്.
മുൻപ് ഇന്ത്യ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത് 2022 ജൂണിലാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 25 ശതമാനവും റഷ്യയിൽ നിന്നാണ്. റഷ്യയുടെ കടൽ വഴിയുള്ള എണ്ണയ്ക്ക് യൂറോപ്യൻ യൂണിയനും യുഎസും വിലനിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതി ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗവും ഇറക്കുമതിയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അസംസ്കൃത എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
ഡിസംബറിൽ ഇന്ത്യ ഇറാഖിൽ നിന്ന് 803,228 ബിപിഡി എണ്ണയും സൗദി അറേബ്യയിൽ നിന്ന് 718,357 ബിപിഡി എണ്ണയും ഇറക്കുമതി ചെയ്തതായി വോർടെക്സ പറഞ്ഞു. 2022 ഡിസംബറിൽ 323,811 ബിപിഡി എണ്ണ വിറ്റഴിച്ച് യുഎസിനെ പിന്തള്ളി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ വിതരണക്കാരായി.
ഉക്രൈൻ അധിനിവേശത്തെ തുടർന്നാണ് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ വിലക്കിയത്. ഇതോടെ റഷ്യ ഓയിൽ വില കുറച്ചു. വിലക്കിഴിവിൽ വ്യാപാരം ആരംഭിച്ചതുമുതൽ റഷ്യൻ എണ്ണയോടുള്ള ഇന്ത്യയുടെ പ്രിയം കൂടി. റഷ്യ-ഉക്രെയ്ൻ സംഘർഷത്തിനുമുമ്പ്, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നായിരുന്നു എണ്ണ ഇറക്കുമതി ചെയ്തത്.
വോർടെക്സയുടെ കണക്കനുസരിച്ച്, 2021 ഡിസംബറിൽ റഷ്യയിൽ നിന്ന് ഇന്ത്യ പ്രതിദിനം 36,255 ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു, ഇറാഖിൽ നിന്ന് 1.05 ദശലക്ഷം ബിപിഡിയും സൗദി അറേബ്യയിൽ നിന്ന് 9,52,625 ബിപിഡിയും.