വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തവില പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തിൽ നിന്നും ഡിസംബറിൽ 4.95 ശതമാനമായി കുറഞ്ഞു. തുടർച്ചയായ മൂന്നാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നിൽക്കുന്നത്.2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 മാസങ്ങളിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 10 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 14.27 ശതമാനമായിരുന്നു.
2022 ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാനമായും കാരണമായത് ഭക്ഷ്യവസ്തുക്കൾ, മിനറൽ ഓയിൽ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ വിലയിടിവാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മൊത്തവില പണപ്പെരുപ്പം 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായി 5 ശതമാനത്തിന് താഴെയായി, 2021 ഫ്രേബ്രുവരിയിൽ ഇത് 4.83 ശതമാനമായിരുന്നു.
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് മുൻ മാസത്തേക്കാൾ കുറഞ്ഞു, രണ്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിധിയിൽ തുടരുന്നതായി കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി. പണനയം രൂപപ്പെടുത്തുന്നതിന് റീട്ടെയിൽ പണപ്പെരുപ്പമാണ് ആർബിഐ പ്രധാനമായും നോക്കുന്നത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 5.72 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത് 5.88 ശതമാനവും 2022 ഒക്ടോബറിൽ 6.77 ശതമാനവുമായിരുന്നു