അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കൊച്ചിയില്‍ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടർ ചർച്ചകൾ നടത്തുമെന്ന് ടൊനിനോ ലംബോർഗിനിവ്യക്തമാക്കി. ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റലി ആസ്ഥാനമായ ‘ടൊനിനോ ലംബോർഗിനി ഗ്രൂപ്പി’ന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോ ലംബോർഗിനി. ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ ഗൗരവമായി പരിശോധിക്കും. ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടെ നിർമ്മാണത്തിലും കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുന്നുണ്ട്. ആഡംബര പെർഫ്യൂമുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകൾ തേടും. ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടോനിനോ ലംബോർഗിനി മന്ത്രിയെ അറിയിച്ചു. കേരളത്തിൽ നിക്ഷേപത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.