ദൈന്യംദിന ചെലവുകളും സാമ്പത്തിക അസ്ഥിരതയും വര്‍ധിക്കുന്ന കാലഘട്ടത്തില്‍ നിക്ഷേപങ്ങള്‍ക്കും മുമ്പെങ്ങുമില്ലാത്തവിധം പ്രസക്തി വര്‍ധിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ തീര്‍ത്തും സുരക്ഷിതവും യാതൊരു റിസ്‌കുകള്‍ അടങ്ങിയിട്ടില്ലാത്തതും മികച്ച ആദായം ഉറപ്പു നല്‍കുന്നതുമായൊരു ലഘുസമ്പാദ്യ പദ്ധതിയെ കുറിച്ചാണ് വിശദീകരിക്കുന്നത്.
പിപിഎഫ്
ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഈ അക്കൗണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്. ആദ്യ കാലാവധി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്ന് 5 വര്‍ഷം വീതമുള്ള കാലയളവില്‍ എത്ര തവണ വേണമെങ്കിലും നിക്ഷേപം പുതുക്കി നിലനിര്‍ത്താനുമാകും. ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം, വാര്‍ഷികമായി 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കും. ഒറ്റത്തവണയായോ 12 ഗഡുക്കളായോ പ്രതിവര്‍ഷം നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയായതിനുശേഷം മാത്രമേ ഫണ്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കാവൂ. 7 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വര്‍ഷവും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്. അതുപോലെ ആവശ്യമെങ്കില്‍ നിസാരമായ പലിശയില്‍ നിക്ഷേപത്തുകയ്ക്ക് അനുസൃതമായി വായ്പ എടുക്കാനും സാധിക്കും.
പലിശ നിരക്ക്
30% നിരക്കില്‍ ആദായ നികുതി നല്‍കേണ്ട സ്ലാബില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണെങ്കില്‍, ബാങ്കില്‍ സ്ഥിര നിക്ഷേപം ഇടുന്നതിനേക്കാള്‍ നേട്ടം പിപിഎഫില്‍ നിക്ഷേപിക്കുന്നതാണ്. ദീര്‍ഘ കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് 6.5% മുതല്‍ 7% വരെ നിരക്കിലാണ് പ്രധാനപ്പെട്ട ബാങ്കുകളെല്ലാം പലിശ വാഗ്ദാനം ചെയ്യുന്നത്. അതേസമയം എഫ്ഡി നിക്ഷേപത്തില്‍ നിന്നും ആര്‍ജിക്കുന്ന പലിശ വരുമാനത്തിന് നിക്ഷേപകന്റെ സ്ലാബ് നിരക്കില്‍ ആദായ നികുതിയും നല്‍കേണ്ടതുണ്ട്. അതിനാല്‍ നികുതി തട്ടിക്കിഴിച്ചു നോക്കുമ്പോള്‍ 4.55% മുതല്‍ 4.90% വരെയുള്ള ആദായം മാത്രമേ എഫ്ഡി നിക്ഷേപത്തില്‍ നിന്നും ഫലത്തില്‍ ലഭിക്കുന്നുള്ളൂ.
എന്നാല്‍ പിപിഎഫില്‍ നിന്നുള്ള ആദായം പൂര്‍ണമായും നികുതി മുക്തമാണ്. അതുകൊണ്ട് 7.1% പലിശ നിരക്കില്‍ ഇപ്പോള്‍ പിപിഎഫ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം, നികുതിക്ക് ശേഷം ബാങ്ക് എഫ്ഡിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ 2.22% മുതല്‍ 2.55% വരെ അധികമായിരിക്കുമെന്ന് വ്യക്തമാണ്. അതേസമയം പിപിഎഫില്‍ പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയും പരമാവധി തുക 1,50,000 രൂപയുമാണെന്നും ശ്രദ്ധിക്കുക.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വേണം പിപിഎഫില്‍ നിക്ഷേപം നടത്തേണ്ടത്. അതായത്, അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് അനുയോജ്യമായ തുക പിപിഎഫില്‍ നിക്ഷേപിക്കാം. ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്രസര്‍ക്കാരാണ് പിപിഎഫ് നിക്ഷേപിത്തിനുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നത്. അതുപോലെ പ്രായം കൂടുന്തോറും റിസ്‌ക് എടുക്കാനുള്ള ശേഷിയും കുറയാം. അത്തരമൊരു പശ്ചാത്തലത്തില്‍ നിങ്ങളുടെ സമ്പാദ്യ മാര്‍ഗങ്ങളില്‍ ഏറ്റവും റിസ്‌ക് കുറവുള്ളതും തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതും ലിക്വിഡിറ്റിയുമൊക്കെ ഒത്തിണങ്ങുന്ന നിക്ഷേപമായി പിപിഎഫിനെ പരിഗണിക്കാവുന്നതാണ്.