ഇന്ത്യൻ ടെലിക്കോം വിപണി അടക്കി വാഴുന്ന റിലയൻസ് ജിയോ പുതിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ തന്നെ ജിയോബുക്ക് (JioBook) എന്ന പേരിൽ കമ്പനി ബജറ്റ് ലാപ്ടോപ്പ് പുറത്തിറക്കും. ജിയോഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളുമായിട്ടായിരിക്കും ജിയോബുക്ക് ലാപ്ടോപ്പ് പുറത്തിറങ്ങുന്നത്. 4ജി സിം കാർഡ് സപ്പോർട്ടുള്ള ലാപ്ടോപ്പ് ആയിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിലയൻസ് ജിയോയുടെ ലാപ്ടോപ്പ് 184 ഡോളർ മാത്രം വിലയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 15,000 രൂപയാണ്. ബജറ്റ് ലാപ്‌ടോപ്പിൽ എംബഡഡ് 4ജി സിം കാർഡ് ആയിരിക്കും ഉണ്ടാവുക എന്നും സൂചനകളുണ്ട്. വില കൂടിയ ഡിവൈസുകൾക്കിടയിൽ വില കുറഞ്ഞ ജിയോഫോൺ വിജയിച്ചത് പോലെ വിജയം കണ്ടെത്താൻ കഴിയുന്നതായിരിക്കും ജിയോബുക്ക് എന്ന് റിലയൻസ് അധികൃതരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയിയ ജിയോ തങ്ങളുടെ ഉത്പന്നങ്ങൾ ഇന്ത്യയിലെ സാധാരണക്കാരെ കൂടി ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്. എന്നാൽ ജിയോബുക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.