റിസർവ് ബാങ്കിന്റെ നിർദേശമനുസരിച്ചു തൃശൂർ, കോട്ടയം ജില്ലകളിൽ ആരംഭിച്ച സമ്പൂർണ ഡിജിറ്റൈസേഷൻ എല്ലാ ജില്ലകളിലും പൂർത്തിയാക്കി. സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
3.60 കോടിയിലധികം സേവിങ്സ് യോഗ്യരായ അക്കൗണ്ട് ഉടമകളെയാണു ഡിജിറ്റലാക്കിയത്. അതിൽ 1.75 കോടിയിലധികം പേർ സ്ത്രീകളാണെന്ന പ്രത്യേകതയുണ്ട്. 7.18 ലക്ഷം കറന്റ് അക്കൗണ്ടുകളാണു ഡിജിറ്റലായത്. സേവിങ്സ്, കറന്റ് അക്കൗണ്ട് ഗുണഭോക്താക്കളെ എടിഎം, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ആധാർ, ക്യുആർ കോഡ് അധിഷ്ഠിത പണമിടപാടുകൾ, യുപിഐ പേയ്െമന്റ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലൂടെ കറൻസി രഹിത ഇടപാടുകൾക്കു പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം.
കൂടുതൽ പേരും ഉപയോഗിക്കുന്നത് എടിഎം കാർഡുകളും ആധാർ അധിഷ്ഠിത സേവനവുമാണ്. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്തുന്ന രീതിയിലും വലിയ തോതിൽ വർധനയുണ്ട്. റിസർവ് ബാങ്ക്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി, ലീഡ് ബാങ്കുകൾ, വിവിധ ബാങ്കുകൾ എന്നിവയുടെ നേതൃത്വത്തിലാണു ഡിജിറ്റൽ യജ്ഞം നടപ്പാക്കിയത്