ഇന്ന് ഓൺലൈനായി ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങുന്നതിനുള്ള നടപടിക്രമം ഏറെ ലളിതവത്കരിച്ചിട്ടുണ്ട്. പ്രീമിയം കാല്‍ക്കുലേറ്റര്‍, ചാറ്റ്‌ബോട്ട്, വാട്ട്‌സാപ്പ് സപ്പോര്‍ട്ട് എന്നിങ്ങനെ ലഭ്യമായ നിരവധി സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ മുഖേന അനുയോജ്യമായ പോളിസികള്‍ ഏതൊരാള്‍ക്കും വാങ്ങാവുന്നതാണ്. ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് പോളിസിയുടെ പ്രത്യേകതകളും ‘ആഡ്-ഓണ്‍’ സവിശേഷതകളുമാണ് പ്രീമിയം നിരക്ക് നിശ്ചയിക്കുന്നതില്‍ നിര്‍ണായകം. ഇന്നു മിക്ക ഇന്‍ഷൂറന്‍സ് കമ്പനികളും അവരുടെ വെബ്‌സൈറ്റ്/ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ മുഖേന വിലക്കുറവില്‍ പ്രത്യേക പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. അതേസമയം പോളിസിയുടെ പ്രീമിയം കുറവാണെന്നത് മാത്രം വാങ്ങുന്നതിനുള്ള മാനദണ്ഡമാക്കരുത്. പകരം, പര്യാപ്തമായ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകളും ദീര്‍ഘകാലയളവില്‍ താങ്ങാനാകുന്ന നിരക്കില്‍ പ്രീമിയവും ചുമത്തുന്ന പോളിസിയാകണം പരിഗണിക്കേണ്ടത്.
വെബ്‌സൈറ്റ് മുഖേന പോളിസികള്‍ വാങ്ങുമ്പോള്‍, നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ സഹായസേവനങ്ങള്‍ ഫോണ്‍/ ചാറ്റ് അധിഷ്ഠിത മാര്‍ഗത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍ഷ്വര്‍ടെക് കമ്പനികള്‍ ലഭ്യമാക്കുന്ന ബഹുഭൂരിപക്ഷം സാങ്കേതിക സേവനങ്ങളിലും ഇന്‍ഷൂറന്‍സ് നിയന്ത്രണ ഏജന്‍സിയുടെ മേല്‍നോട്ടം ഉള്ളതിനാലും വെബ്‌സൈറ്റുകള്‍ സുരക്ഷിത കണക്ഷനുകളാണ് ഉപയോഗിക്കുന്നതിനാലും തട്ടിപ്പ് നടത്താനുള്ള സാധ്യത പരിമിതപ്പെടുത്തുന്നു.പോളിസികള്‍ പരമ്പരാഗത മാര്‍ഗത്തിലൂടെയോ ഓണ്‍ലൈന്‍ മുഖേനയോ ആണ് വാങ്ങുന്നതെങ്കിലും ക്ലെയിം ഒത്തുതീര്‍പ്പാക്കുക എന്നത് സ്വതന്ത്രമായ നടപടിയാണ്. പോളിസി വാങ്ങുന്ന സമയത്ത് നല്‍കിയ രേഖകളില്‍ കൃത്വിമത്വമോ മറ്റു ചേര്‍ച്ചക്കുറവുകളോ ഇല്ലെങ്കില്‍ ക്ലെയിം സെറ്റില്‍മെന്റ് വളരെ വേഗത്തില്‍ പൂര്‍ത്തിയാകും.
അവരവരുടെ സൗകര്യത്തിന് അനുസൃതമായി വിലയിരുത്തുവാനും അനുയോജ്യമായ താരതമ്യപഠനം നടത്തുകയും വഴി, കൂടുതല്‍ കാര്യവിവരത്തോടെ പോളിസി തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ സഹായിക്കുന്നു. പ്രധാന ഇന്‍ഷൂറന്‍സ് കമ്പനികളെല്ലാം തന്നെ ചാറ്റ്‌ബോട്ടുകള്‍ മുഖേന ഓണ്‍ലൈന്‍ പോളിസി വാങ്ങുന്നതിനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡിജിറ്റല്‍ മാര്‍ഗത്തില്‍ പോളിസികള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാണ്. പാസ്‌വേഡ് മുഖേന സുരക്ഷിതമാക്കപ്പെട്ട ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ, പോളിസിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുരക്ഷിതമായി ഒരിടത്തു തന്നെ കാണാനാകും. ഇതിന്റെ പേപ്പര്‍ രൂപത്തിലുള്ള രേഖകള്‍ കൈവശം വെയ്‌ക്കേണ്ടതുമില്ല.