പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ( കെഐഐഡിസി) പുറത്തിറക്കുന്ന കുപ്പിവെള്ളം കൺസ്യൂമർഫെഡിന്റെ കേരളത്തിലെ ത്രിവേണി ഔട്‌ലെറ്റുകൾ വഴി 10 രൂപയ്ക്കു ലഭ്യമാകും. കെഐഐഡിസിയും കൺസ്യൂമർഫെഡും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.എറണാകുളം ജില്ലയിൽ പൈലറ്റ് പ്രോജക്ടായി പരീക്ഷിച്ച പദ്ധതി വിജയമെന്നു കണ്ടതോടെ എല്ലാ ജില്ലകളിലേക്കുംവ്യാപിപ്പിക്കുകയായിരുന്നു.
പൊതുമേഖല സ്ഥാപനങ്ങളുമായി കൈകോർത്ത് വിവിധ ഉൽപന്നങ്ങൾ ത്രിവേണി സ്റ്റോറുകൾ വഴി വിൽക്കാനുള്ള നടപടികൾ തുടങ്ങി. ഷൊർണൂർ കേന്ദ്രീകരിച്ചുള്ള മെറ്റൽ ഇൻഡസ്ട്രീസുമായി ചേർന്ന് അവരുടെ കാർഷിക ഉപകരണങ്ങൾ ത്രിവേണി സ്റ്റോറുകളിൽ ലഭ്യമാക്കുന്നതാണ് മറ്റൊരു പദ്ധതി. തൂമ്പ, കോടാലി, പിക്ആക്സ് തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാകും. കശുവണ്ടി കോർപറേഷനുമായി ചേർന്നു കശുവണ്ടി ഉൽപന്നങ്ങളും റബ്കോയുമായി ചേർന്ന് അവരുടെ ഉൽപന്നങ്ങളും ത്രിവേണി സ്റ്റോറുകൾ വഴി വിലക്കുറവോടെ വിൽപന നടത്താൻ ധാരണയായിട്ടുണ്ട്.