Onam Bumper: 15.75 കോടിയല്ല: അനൂപിന് 12.88 കോടി മാത്രം

സംസ്ഥാന സര്‍ക്കാറിൻ്റെ തിരുവോണം ബംപറായ ലോട്ടറി നറുക്കെടുപ്പിലെ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് 25 കോടി സ്വന്തമാക്കിയത്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത നമ്പറിനാണ് ലോട്ടറി അടിച്ചത്. നികുതികൾ കഴിച്ച് അനൂപിന് ലഭിക്കുന്നത് 15.75 കോടി രൂപയാണ്. എന്നാൽ അനൂപിന് അനുഭവിക്കാനുള്ള യോഗമുള്ളത് 12.88 കോടി മാത്രമാണ്. ലോട്ടറി ടിക്കറ്റ് സമ്മാനം നേടിയ പലരും പിന്നീടും കോടികൾ തങ്ങളുടെ കെെയിൽ നിന്നും സർക്കാരിന് നൽകിയെന്ന് വെളിപ്പെടുത്തലുകൾ പുറത്തു വന്നിരുന്നു.  

ഓണം ബംപർ ഒന്നാം സമ്മാനമായ 25 കോടിയുടെ സമ്മാനത്തുകയിൽ നിന്ന് ഏജൻസി കമ്മീഷനും ടാക്‌സും കഴിച്ച് 15.75 കോടി രൂപയാണ് സമ്മാനാർഹൻ അനൂപിന് ലഭിക്കുക. ഇത്തരത്തിൽ തന്നെയാണ് വാർത്തകൾ പുറത്തു പ്രചരിക്കുന്നതും. ഒരു പരിധിവരെ അതു ശരിയാണ്. എന്നാൽ മുഴുവൻ ശരിയുമല്ലെന്നുള്ളതാണ് വാസ്തവം. 25 കോടിയുടെ 10 ശതമാനം ഏജൻസി കമ്മീഷൻ കഴിച്ചാൽ 22.5 കോടിയുണ്ടാകും. അതിൻ്റെ 30 ശതമാനം ടിഡിഎസായി നൽകണം. അതായത് 6.75 കോടി. അതുംകൂടി കുറച്ചാൽ പിന്നെ ലഭിക്കുന്നത് 15.75 കോടിയാണ്. ഈ തുകയാണ് ഒന്നാം സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരുന്നതും. 

എന്നാൽ നമ്മൾ ഒടുക്കേണ്ട നികുതി അവിടെ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വാസ്തവം. അഞ്ച് കോടിക്ക് മുകളിൽ വരുമാനമുള്ളവർ ടാക്സിൻ്റെ 37 ശതമാനം സർചാർജ് അടക്കണമെന്നാണ് നിയമം. അതായത് 6.75 കോടിയുടെ 37 ശതമാനമെന്നു പറയുന്നത് രണ്ടുകോടി നാൽപ്പത്തിയൊൻപത് ലക്ഷത്തിൽ എഴുപത്തിയഞ്ച് ആയിരം രൂപയാണ്. മാത്രമല്ല ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4 ശതമാനം ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് അടക്കണമെന്നുണ്ട്.

യഥാർത്ഥത്തിൽ 25 കോടി സമ്മാനം ലഭിക്കുന്നയാൾക്ക് 10 ശതമാനം ഏജൻസി കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തിൽ എഴുപതിനാലായിരം രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി പിടിക്കുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും സമ്മാനം ലഭിച്ചയാൾ അടക്കണം. അത് എപ്പോഴെങ്കിലുമല്ല അടയ്ക്കേണ്ടത്. ഒക്ടോബർ മാസത്തിൽ പണം അക്കൗണ്ടിൽ ലഭിക്കുകയാണെങ്കിൽ ഡിസംബറിന് മുൻപ് രണ്ടുകോടി എൻപത്തിയാറ് ലക്ഷത്തിൽ എഴുപത്തിനാലായിരം രൂപ (28674000) അടയ്ക്കണം. വൈകുന്ന ഓരോ മാസവും ആ തുകയുടെ ഒരു ശതമാനം പെനാൽറ്റി കൂടി കൂടുമെന്നുള്ള പ്രത്യേകതയുമുണ്ട്. ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം നേടിയവർ ആരും ഈ തുക അടക്കാറില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അങ്ങനെ വരുമ്പോൾ വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. ഇങ്ങനെ അടയ്ക്കുമ്പോഴാണ് വീണ്ടും സർക്കാർ തൻ്റെ സമ്മാനത്തുക പിടിച്ചെടുത്തുവെന്ന് മുൻപ് ലോട്ടറിയടിച്ചവർ വിലപിക്കുന്നതും. ലോട്ടറി വകുപ്പിന് 30 ശതമാനം ടിഡിഎസ് കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു എന്നുള്ളതും ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണെന്നുമുള്ളതാണ് യാഥാർത്ഥ്യം. 

ഈ കണക്കുകൾ അനുസരിച്ച് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്. എന്നാൽ പുറത്തറിയുന്നതും പ്രചരിക്കുന്നതും. 15.75 കോടി രൂപ എന്നുമാണ്. ബാക്കി തുക അടുത്ത വർഷം ജൂണിന് മുന്നേ അദ്ദേഹം അടച്ചേ പറ്റുകയുള്ളു. . ഈ കണക്കുവച്ചുകൊണ്ടു തന്നെകയാണ് വരും വർഷങ്ങളിൽ സർക്കാർ നികുതിയീടാക്കി എന്ന് സമ്മാന ജേതാക്കൾ വിലപിക്കുന്നതും. ഈ നികുതികളെല്ലാം കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റുകളിലേക്കാണ് ഈ നികുതി മുഴുവൻ പോകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *