എൽ.ഐ.സിയിൽ ലയിക്കാൻ രാജ്യത്തെ പ്രമുഖരായ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ?

എൽ.ഐ.സി പുതു വർഷത്തിൽ വീണ്ടും കരുത്തനായേക്കും. രാജ്യത്തെ പ്രമുഖരായ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളാണ് എൽ.ഐ.സിയിൽ ലയിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ.

പൊതു മേഖലയിലെ നാല് ജനറൽ ഇൻഷുറൻസ് കമ്പനികളെയാണ് കേന്ദ്രനയത്തിന്റെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാൻ ആലോചിക്കുന്നത്. തന്ത്ര പ്രധാനമായ മേഖലകളിലൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതാണ് കേന്ദ്ര നിലപാട്. 

ഓറിയന്റൽ ഇൻഷുറൻസ് കമ്പനി, നാഷണൽ ഇൻഷുറൻസ് കമ്പനി, ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവയെയാണ് എൽ.ഐ.സിയിൽ ലയപ്പിക്കാൻ ധാരണയായിട്ടുള്ളത്.

ഇൻഷുറൻസ് കമ്പനികളുടെ ലയനത്തിനു മുന്നോടിയായി നിയമഭേദഗതി വേണ്ടി വന്നേക്കും. 1938 ലെ ഇൻഷുറൻസ് ആക്റ്റും 1999 ലെ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ആക്റ്റും ഭേദഗതിക്ക് വിധേയമാക്കും. അതേസമയം ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ സ്വതന്ത്രമായി നിലനിർത്താനാണ് ആലോചന. നാല് ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാരും ലയനത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഇതും ലയനത്തിന് അനുകൂലമായി സർക്കാർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *