രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ്

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ (ജിഎൻപിഎ) തോതിൽ കുറവ്. മാർച്ചിൽ 5.8 ശതമാനമായിട്ടാണ് കുറഞ്ഞത്. ഇത് സെപ്റ്റംബറിൽ 5 ശതമാനത്തിലെത്തിയെന്നും ബാങ്കിങ് രംഗത്തെ ചലനങ്ങൾ സംബന്ധിച്ച് ആർബിഐ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കിട്ടാക്കടത്തിന്റെ തോത് 2018ൽ കുതിച്ചു കയറിയെങ്കിലും പിന്നീട് കുറയുകയായിരുന്നു.എന്നാൽ സാമ്പത്തിക രംഗത്തെ നിലവിലെ സാഹചര്യം ബാങ്കിങ് മേഖലയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും ആർബിഐ മുന്നറിയിപ്പ് നൽകുന്നു.

വായ്പാ തിരിച്ചുപിടിക്കൽ നടപടികൾ, എഴുതിത്തള്ളൽ അടക്കമുള്ള നീക്കങ്ങളാണ് തോത് കുറച്ചത്.കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ സാങ്കേതികമായി എഴുതിത്തള്ളിയത് ഏകദേശം 10 ലക്ഷം കോടി രൂപയാണ്. സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽ നിന്ന് ഒഴിവാക്കും. നിഷ്ക്രിയ ആസ്തി (എൻപിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. പൊതുമേഖലാ ബാങ്കുകളിൽ കിട്ടാക്കട ബാധ്യത കുറച്ചത് എഴുതിത്തള്ളൽ നടപടികൾ മൂലമാണെന്ന് റിപ്പോർട്ട് പറയുന്നു.

കിട്ടാക്കടത്തിന്റെ തോതിൽ ഭൂരിഭാഗം ബാങ്കുകളും ആശ്വാസകരമായ നിലയിലാണ് . വൻകിട വായ്പ നേടുന്നവർ കുറഞ്ഞെന്നതും മറ്റൊരു പ്രത്യേകതയാണ്. റീട്ടെയ്ൽ ബിസിനസ് വായ്പ നേടുന്നവരുടെ എണ്ണം കൂടി. എന്നാൽ വിദേശ ബാങ്കുകളുടെ കാര്യത്തിൽ മാത്രം ജിഎൻപിഎയിൽ കാര്യമായ കുറവ് വന്നിട്ടില്ല. 2021–2022 സാമ്പത്തിക വർഷം ഇത് 0.5 ശതമാനമായി ഉയർന്നു. തൊട്ട് മുൻ വർഷം ഇത് 0.2 ശതമാനമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *