ആശയങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ /ഡോ. സുധീര്‍ ബാബു
ജോയല്‍ തന്‍റെ പദ്ധതിയുമായി അപര്‍ണ്ണയെ സമീപിക്കുമ്പോള്‍ അവന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അവള്‍ തന്നെ കളിയാക്കുമോയെന്ന് അവന്‍ ഭയന്നിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ചതു പോലെയൊന്നും സംഭവിച്ചില്ല. അവള്‍ നിശബ്ദയായി അവന്‍റെ പ്ലാന്‍ മുഴുവന്‍ കേട്ടു. ഒരു റെസ്റ്റോറന്‍റ് ബിസിനസിനെക്കുറിച്ചുള്ള വളരെ വ്യത്യസ്തമായ ആശയമാണ് ജോയല്‍ പങ്കുവെച്ചത്.
ഹോസ്പ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്‍റ് കോഴ്സ് പഠിച്ചതിനു ശേഷം ഇപ്പോള്‍ ജോലി ചെയ്യുകയാണ് ജോയല്‍. ആള്‍ നല്ലൊരു ഷെഫ് ആണ്. രുചികരമായ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ മിടുക്കനാണ്. ജോയലിന്‍റെ കൈപ്പുണ്യം പലപ്പോഴും ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളതിനാല്‍ അവന്‍റെ ആശയം വളരെ ഉത്സാഹത്തോടെയാണ് അവള്‍ കേട്ടിരുന്നത്.
സ്വന്തമായി ഒരു റെസ്റ്റോറന്‍റ് അതാണ് ജോയലിന്‍റെ സ്വപ്നം. അപര്‍ണ്ണ കൂടി അവനൊപ്പം കൂടുകയാണെങ്കില്‍ രണ്ടുപേര്‍ക്കും കൂടി ബിസിനസ് തുടങ്ങാം. അതാണ് ജോയലിന്‍റെ ആശ.
ആശയമൊക്കെ കൊള്ളാം പക്ഷേ ബിസിനസിനായുള്ള പണം എവിടെനിന്നും കണ്ടെത്തും?
കുറച്ചു പണം നമുക്ക് രണ്ടു പേര്‍ക്കും കൂടി ഉണ്ടാക്കാം. എന്നാല്‍ ഈ ആശയം നടപ്പിലാക്കാന്‍ അതു മാത്രം പോരാതെ വരും. സ്വത്തുക്കള്‍ ഈടു നല്‍കി വായ്പ എടുക്കാന്‍ രണ്ടു വീട്ടുകാരും സമ്മതിക്കുകയുമില്ല. അപ്പോള്‍ എന്താണ് ഇനിയുള്ള മാര്‍ഗ്ഗം?
നമുക്കൊന്ന് സിദ്ധാര്‍ത്ഥന്‍ അങ്കിളിനെ കാണാം. അപര്‍ണ്ണയുടെ നിര്‍ബന്ധത്താല്‍ ജോയലും അങ്കിളിനെ കാണാന്‍ പോയി. അവര്‍ക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് കാശൊക്കെ ബാങ്കിലിട്ട് പലിശ വാങ്ങി സ്വസ്ഥമായി ജീവിതം നയിക്കുന്ന അങ്കിള്‍ ബിസിനസിലേക്ക് നിക്ഷേപിക്കുമോ?
അവര്‍ പറഞ്ഞതൊക്കെ അങ്കിള്‍ കേട്ടു. ജോയല്‍ തയ്യാറാക്കിയ ബിസിനസ് പ്ലാന്‍ നോക്കി. ഇതെന്‍റെ കയ്യിലിരിക്കട്ടെ. ഞാനൊന്ന് പഠിച്ചിട്ട് നാളെ മറുപടി പറയാം. അങ്കിള്‍ അവരെ യാത്രയാക്കി.
പിറ്റേന്ന് അങ്ങിനെ ആ അത്ഭുതം സംഭവിച്ചു. അവരുടെ ബിസിനസിലെ നിക്ഷേപകനായി അങ്കിള്‍ മാറി. അദ്ദേഹത്തിന്‍റെ വിശ്വാസം നേടിയെടുക്കാന്‍ ജോയലിനും അപര്‍ണ്ണക്കും സാധിച്ചു. ഒരു റെസ്റ്റോറന്‍റില്‍ നിന്നും മൂന്ന് റെസ്റ്റോറന്‍റുകളിലേക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ബിസിനസ് വളര്‍ന്നു.
കാഴ്ചപ്പാടുകള്‍ മാറുന്നു
സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ വലിയൊരു മാറ്റം ഉടലെടുത്തു എന്നതാണ് ബിസിനസിന്‍റെ ഈ നവയുഗത്തിലെ ഏറ്റവും ശുഭമായ വാര്‍ത്ത. നിക്ഷേപത്തിന് അതിസുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ മാത്രം തേടിയിരുന്നവര്‍ പോലും ഇന്ന് ബിസിനസിലെ റിസ്ക് ഏറ്റെടുത്ത് നിക്ഷേപങ്ങള്‍ നടത്തുന്നു. നവാഗത സംരംഭകര്‍ സ്റ്റാര്‍ട്ടപ്പുകളുമായി കടന്നു വരുന്നു. നിക്ഷേപകര്‍ ആശയങ്ങളില്‍ നിക്ഷേപിക്കുന്നു. ബിസിനസിലെ നിക്ഷേപ രസതന്ത്രം മനസ്സിലാക്കുവാന്‍ സാധാരണക്കാര്‍ പോലും ശ്രമിക്കുന്നു.
സുരക്ഷിതമായ നിക്ഷേപം തേടുന്നവര്‍ക്കും സ്ഥിര പലിശ പ്രതീക്ഷിക്കുന്നവര്‍ക്കും ബിസിനസിലെ നിക്ഷേപം ചിലപ്പോള്‍ നല്ലൊരു മാര്‍ഗ്ഗമായി തോന്നുകില്ല. റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്കാണ് ഈ നിക്ഷേപ മാര്‍ഗ്ഗം യോജിക്കുക. ബിസിനസിലെ നിക്ഷേപം ലളിതമല്ല. മറ്റൊരു നിക്ഷേപത്തിനും സാധ്യമല്ലാത്ത ജീവിത സമൃദ്ധിയിലേക്ക് നിങ്ങളെ നയിക്കാന്‍ ബിസിനസിലെ നിക്ഷേപങ്ങള്‍ക്ക് സാധിക്കും.
തുടക്കകാലത്തെ നിക്ഷേപം
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ബിസിനസിലെ നിക്ഷേപത്തെക്കാള്‍ പലമടങ്ങ് റിസ്കാണ് തുടങ്ങുവാന്‍ പോകുന്ന ഒരു ബിസിനസിലെ നിക്ഷേപം. പലപ്പോഴും ഒരു ആശയം മാത്രമായിരിക്കും സംരംഭകന്‍റെ കൈമുതല്‍. ഇതിന്‍റെ വ്യവസായ, വിപണന സാധ്യതകളില്‍ വിശ്വാസമര്‍പ്പിച്ചാണ് നിക്ഷേപകന്‍ പണം നിക്ഷേപിക്കുന്നത്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് കൃത്യമായ പഠനവും തയ്യാറെടുപ്പുകളും ആവശ്യമുണ്ട്.
സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് തങ്ങളുടെ ആശയങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമായിരിക്കും. സാങ്കേതിക മികവില്‍ ഉയര്‍ന്ന തലത്തിലെങ്കിലും വ്യവസായ, വിപണന തന്ത്രങ്ങളില്‍ ഇത്തരം ഭൂരിഭാഗം സംരംഭകര്‍ക്കും വ്യക്തമായ ധാരണയോ അറിവോ ഉണ്ടാകില്ല. ഇത് സംരംഭങ്ങളുടെ റിസ്ക് വര്‍ദ്ധിപ്പിക്കുന്നു. ഉല്‍പ്പന്നമോ സേവനമോ എത്ര മികച്ചതായിരുന്നാലും അത് വിപണനം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ബിസിനസ് പരാജയമാകും.
നമ്മള്‍ ഒന്നാണ്
സംരംഭകരും നിക്ഷേപകരും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ വിജയമാണ് ബിസിനസിന്‍റെ വിജയം. സംരംഭകരുടെ ആശയത്തില്‍ തങ്ങള്‍ നിക്ഷേപിക്കുന്നു. അതുകൊണ്ട് അവര്‍ തങ്ങളുടെ ജോലിക്കാരെപ്പോലെ പെരുമാറണം എന്ന ചിന്ത നിക്ഷേപകര്‍ക്കും തങ്ങളുടെ ആശയത്തില്‍ നിക്ഷേപിച്ചവര്‍ മാത്രമാണ് നിക്ഷേപകരെന്നും തങ്ങളാണ് മുഴുവന്‍ കാര്യങ്ങളും ചെയ്യുന്നതെന്നുമുള്ള ചിന്ത സംരംഭകര്‍ക്കും ഉണ്ടാവരുത്. ബിസിനസിനെ മുന്നോട്ടു നയിക്കുന്ന അതിശക്തമായ രണ്ടു കരങ്ങളാണ് സംരംഭകരും നിക്ഷേപകരും. രണ്ടു കൂട്ടരുടേയും ലക്‌ഷ്യം ബിസിനസിന്‍റെ വിജയമാണ്.
ഒരിക്കലും വലിയൊരു ഭാഗം ഓഹരികളിലേക്ക് സ്വകാര്യ നിക്ഷേപകര്‍ നിക്ഷേപിക്കുന്നില്ല. ബിസിനസിലെ പ്രധാനപ്പെട്ട ഭാഗം ഷെയറുകള്‍ സംരംഭകരുടെ കയ്യിലായിരിക്കും. ഞങ്ങള്‍ പണം നിക്ഷേപിക്കുന്നു അതുകൊണ്ട് കൂടുതല്‍ ഭാഗം ഷെയര്‍ ഞങ്ങള്‍ക്ക് വേണം എന്ന നിബന്ധന നിക്ഷേപകര്‍ വെച്ചാല്‍ അതിലടങ്ങിയിരിക്കുന്ന വലിയൊരു അപകടമുണ്ട്.
പണം നിക്ഷേപിക്കുന്ന നിക്ഷേപകരെപ്പോലെ തന്നെ ബിസിനസിന്‍റെ റിസ്ക് സംരംഭകര്‍ക്കും വേണം. നിക്ഷേപകര്‍ കൂടുതല്‍ ഓഹരികള്‍ കൈവശം വെച്ചാല്‍ സംരംഭകരുടെ റിസ്ക് കുറയും. ബിസിനസ് പരാജയപ്പെട്ടാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വരിക നിക്ഷേപകരായിരിക്കും. ഇത് സംരംഭകരുടെ ഉദാസീനതയ്ക്ക് കാലക്രമേണ വഴിതെളിക്കും. ബിസിനസ് പരാജയം തങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ അതിനു തക്ക ഓഹരികളും അവരുടെ കയ്യിലുണ്ടാകണം.
റിസ്ക് ആന്‍ഡ് റിട്ടേണ്‍
ബിസിനസിലേക്ക് നിക്ഷേപിക്കുമ്പോള്‍ നഷ്ടം സഹിക്കാന്‍ കൂടി നിക്ഷേപകന്‍ തയ്യാറാവേണ്ടതുണ്ട്. താന്‍ നിക്ഷേപിക്കുന്ന എല്ലാ ബിസിനസുകളും വിജയിക്കും എന്ന് നിക്ഷേപകന് യാതൊരു ഉറപ്പുമില്ല. തന്‍റെ കയ്യിലുള്ള പണം പല ബാസ്ക്കറ്റുകളിലായി നിക്ഷേപകന്‍ നിക്ഷേപിക്കുകയാണ് ബുദ്ധി.ഇതില്‍ ചിലതെല്ലാം വിജയിക്കാം ചിലവ പരാജയപ്പെടാം.
ഇരുപത് ബിസിനസുകളില്‍ വരെ നിക്ഷേപിച്ച ഒരു നിക്ഷേപകനെ എനിക്കറിയാം. അയാള്‍ നിക്ഷേപിച്ച പതിനെട്ട് ബിസിനസുകളും പരാജയപ്പെട്ടു എന്നാല്‍ രണ്ടെണ്ണം മികച്ച വിജയം നേടുകയും ചെയ്തു. ഇരുപത് കമ്പനികളില്‍ മുടക്കിയ പണവും അതിനെത്രയോ മടങ്ങും അയാള്‍ വിജയിച്ച രണ്ടു കമ്പനികളില്‍ നിന്നും നേടി. ബിസിനസുകളിലെ നിക്ഷേപം റിസ്ക്കാണ് എന്നാല്‍ സ്വപ്നങ്ങളില്‍ കാണാന്‍ സാധിക്കാത്ത സമ്പത്ത് നേടിയെടുക്കുവാന്‍ അത് പ്രാപ്തവുമാണ്.
ബിസിനസുകളില്‍ രണ്ടുതരം നിക്ഷേപ സാധ്യതകളുണ്ട്. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം പുതിയ നിക്ഷേപകര്‍ കടന്നു വരുമ്പോള്‍ വിറ്റ് ഒഴിയാന്‍ സാധിക്കും. മറ്റ് ബിസിനസുകളിലെ നിക്ഷേപം തുടര്‍ച്ചയായുള്ള ലാഭ വിഹിതം നേടാന്‍ സഹായകമാകും. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപവും മറ്റ് ബിസിനസുകളിലെ നിക്ഷേപവും രണ്ട് രീതികളിലാണ്. ഏത് ബിസിനസിലാണ് നിക്ഷേപിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും സ്വീകരിക്കുന്ന തന്ത്രവും.
ബിസിനസുകളില്‍ നിക്ഷേപിക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാം
1. വ്യക്തമായ ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍ തയ്യാറാക്കുക
ബിസിനസിലെ നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്താണ്? നിക്ഷേപിക്കുന്നതില്‍ നിങ്ങള്‍ക്കുള്ള ലക്ഷ്യം കൃത്യമായി നിര്‍വ്വചിക്കേണ്ടതുണ്ട്. ബാങ്കില്‍ നിന്നും പലിശ ലഭിക്കുന്നതു പോലെ കൃത്യമായി ഒരു ലാഭവിഹിതം നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? അതല്ല ഒരു ദീര്‍ഘമായ കാലയളവിലേക്ക് നിക്ഷേപിച്ച് വളരെ വലിയൊരു വളര്‍ച്ചയാണോ ലക്ഷ്യമിടുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരം അനുസരിച്ചാവണം ബിസിനസിലെ നിങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍.
2. ബിസിനസ് ആശയം ആഴത്തില്‍ മനസ്സിലാക്കുക
സംരംഭകര്‍ അവരുടെ ആശയവുമായിട്ടായിരിക്കും നിങ്ങളെ സമീപിക്കുക. ആശയം കേട്ടതും എടുത്തുചാടി നിക്ഷേപത്തിനൊരുങ്ങരുത്. ആശയം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ ശ്രമിക്കുക, അതിന്‍റെ ബിസിനസ് സാധ്യതകള്‍ അറിയുക, ഉല്‍പ്പാദനത്തെക്കുറിച്ചും വിപണനത്തെക്കുറിച്ചും സംരംഭകര്‍ക്കുള്ള ധാരണകള്‍ മനസ്സിലാക്കുക.
3. സംരംഭകരെ അടുത്തറിയുക
ആശയത്തോട് സംരംഭകര്‍ക്കുള്ള അഭിനിവേശം എന്താണ്? വിശദീകരിക്കുന്ന ആശയം അവര്‍ പൂര്‍ണ്ണമായി പഠിച്ചിട്ടുണ്ടോ? അവരുടെ യോഗ്യതകള്‍ എന്തൊക്കെയാണ്? വിഷയത്തില്‍ അവര്‍ക്കുള്ള ഗ്രാഹ്യം എന്താണ്? അവര്‍ തമ്മില്‍ ഒത്തൊരുമയുണ്ടോ? ഒരുമിച്ച് ഈ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുവാനുള്ള രസതന്ത്രം അവര്‍ക്കിടയിലുണ്ടോ? ഇതൊക്കെ നിക്ഷേപകന് ബോധ്യപ്പെടേണ്ടതുണ്ട്.
4. ബിസിനസ് പ്ലാന്‍ ആവശ്യപ്പെടുക
സംരംഭകരോട് സമൂലമായ ഒരു ബിസിനസ് പ്ലാന്‍ ആവശ്യപ്പെടുക. ബിസിനസിലെ എല്ലാ ഭാഗങ്ങളും സ്പര്‍ശിച്ചു കൊണ്ടുള്ള ബിസിനസ് പ്ലാന്‍ ഭാവിയിലേക്കുള്ള ബിസിനസിന്‍റെ രൂപരേഖയാണ്. നിങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് സംരംഭകരോട് ഉത്തരം തേടാം. ബിസിനസ് പ്ലാനിലൂടെ കടന്നുപോകുമ്പോള്‍ ബിസിനസിന്‍റെ വിജയസാധ്യതയെക്കുറിച്ചുള്ള ഏകദേശ ധാരണ നിങ്ങള്‍ക്ക് ലഭിക്കും.
5. റിസ്ക് കണക്കാക്കുക
ഈ ബിസിനസില്‍ നിക്ഷേപിക്കുമ്പോള്‍ താനെടുക്കുന്ന റിസ്ക് എത്രമാത്രമാണ് എന്ന് നിക്ഷേപകന്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരിക്കലും കയ്യിലുള്ള പണം മുഴുവനും ഒരൊറ്റ ബിസിനസില്‍ നിക്ഷേപിക്കരുത്. ആ ബിസിനസ് പരാജയപ്പെട്ടാല്‍ ഒന്നുമില്ലാത്തവനായി മാറും. മറ്റുള്ള നിക്ഷേപകര്‍ എടുക്കുന്ന റിസ്ക് കൂടി കണക്കിലെടുത്തു വേണം നിക്ഷേപം നടത്തുവാന്‍.
6. സംരംഭകര്‍ക്കും നഷ്ടപ്പെടാന്‍ അവസരം നല്‍കണം
ബിസിനസിലെ മുഴുവന്‍ റിസ്കും നിക്ഷേപകര്‍ എടുത്താല്‍ സംരംഭകര്‍ ബിസിനസില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം മുഴുവന്‍ നിക്ഷേപകര്‍ക്കായിരിക്കും. അതുകൊണ്ട് ബിസിനസ് പരാജയപ്പെട്ടാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ സംരംഭകര്‍ക്ക് കൂടി ബാധകമാകണം. തങ്ങളും നഷ്ടം സഹിക്കേണ്ടി വരും എന്ന ചിന്ത ബിസിനസ് വിജയിപ്പിക്കുവാന്‍ അവരെ പ്രചോദിപ്പിക്കും.
7. നിക്ഷേപ ഉടമ്പടി തയ്യാറാക്കുക
സംരംഭകരുമായുള്ള ധാരണകള്‍ എഴുതിയുണ്ടാക്കിയ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കണം. പരസ്പരം എത്രമാത്രം വിശ്വാസമുണ്ടെങ്കിലും ഒരു നിക്ഷേപ ഉടമ്പടി തയ്യാറാക്കിയതിനു ശേഷമാവണം പണം നിക്ഷേപിക്കേണ്ടത്.
8. പുറത്തേക്കിറങ്ങാനുള്ള വഴി
അകത്തേക്ക് കടക്കുമ്പോള്‍ പുറത്തേക്ക് ഇറങ്ങാനുള്ള വഴി കൂടി തുറന്നിടണം. വ്യക്തമായ ഒരു എക്സിറ്റ് പ്ലാന്‍ കൂടി ഉണ്ടാവണം. എപ്പോള്‍ തന്‍റെ ഓഹരികള്‍ വിറ്റ് പിന്മാറണം എന്ന് നിക്ഷേപകന്‍ നിശ്ചയിക്കണം.
9. സംരംഭകരെ പൂര്‍ണ്ണമായും പിന്തുണയ്ക്കുക
ഞാന്‍ പണം നിക്ഷേപിച്ച കമ്പനിയാണ് അതില്‍ എനിക്കിഷ്ടമുള്ള രീതിയില്‍ ഇടപെടും എന്ന കാഴ്ചപ്പാട് നിക്ഷേപകനുണ്ടാകരുത്. സംരംഭകര്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നിക്ഷേപകന് സാധിക്കണം. അവരെ പ്രചോദിപ്പിക്കുവാനും ആവശ്യമായ എല്ലാ സഹായങ്ങള്‍ ചെയ്യുവാനും നിക്ഷേപകന് സാധിക്കണം. അനാവശ്യ ഇടപെടലുകള്‍നടത്തി ബിസിനസിന്‍റെ സുഗമമായ നടത്തിപ്പിന് തടസ്സമാകുന്ന പ്രവൃത്തികളില്‍ നിക്ഷേപകന്‍ മുഴുകരുത്. സംരംഭകരും നിക്ഷേപകരും തമ്മിലുള്ള ആരോഗ്യപരമായ ബന്ധം സൂക്ഷിക്കുവാന്‍ സാധിക്കണം.
10. ഏത് രീതിയില്‍ നിക്ഷേപിക്കണം?
ബിസിനസിലേക്ക് പണം നിക്ഷേപിക്കുമ്പോള്‍ അത് കടമായി നല്‍കണോ അതോ ഓഹരിയായി നിക്ഷേപിക്കണോ എന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ ഒരു പ്രൊഫഷണലിന്‍റെ സഹായം തേടുന്നത് നന്നായിരിക്കും.
വിത്തില്‍ നിന്നും മഹാവൃക്ഷത്തിലേക്ക്
ബാങ്കിലെ നിക്ഷേപമോ എസ് ഐ പിയോ പോലെയല്ല ബിസിനസുകളിലെ നിക്ഷേപം. പരമ്പരാഗത നിക്ഷേപ സങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബിസിനസിലെ നിക്ഷേപം. ബിസിനസ് നിക്ഷേപത്തിന്‍റെ കാഴ്ചപ്പാടുകളും, ലക്ഷ്യങ്ങളും മറ്റുള്ളവയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ബിസിനസിലേക്ക് നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകന്‍ ബിസിനസിന്‍റെ ഭാഗമാകുകയാണ്. ബിസിനസിലെ ജയപരാജയങ്ങള്‍ നിക്ഷേപകന്‍റെ കൂടിയാണ്. അതുകൊണ്ടു തന്നെ മറ്റ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് പോലുള്ള ഒരു മാനസികാവസ്ഥയില്‍ ബിസിനസിലെ നിക്ഷേപം നടത്തുക സാധ്യമല്ല.
നിങ്ങള്‍ വെല്ലുവിളികളെ ഇഷ്ടപ്പെടുന്ന ഒരാളാണോ? ബിസിനസ് നിങ്ങളുടെ സ്വപ്നമാണോ? ആണെങ്കില്‍ ബിസിനസുകളിലെ നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് പരിഗണിക്കാം. കേവലം ഒരു ആശയത്തില്‍ നിന്നും ലോകം കീഴടക്കിയ ബിസിനസുകളുണ്ട്. നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ ബിസിനസ് നിക്ഷേപങ്ങളും പരിഗണിച്ചു തുടങ്ങാം.