സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലായേക്കും. ഇതിന്റെ മുന്നോടിയായി രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഒരു പൊതു സോഫ്റ്റ് വെയറിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോമൺ സോഫ്റ്റ് വെയർ പദ്ധതിയെ ആശങ്കയോടെയാണ് സംസ്ഥാനത്തെ സഹകാരികൾ നോക്കിക്കാണുന്നത്.

കേരളത്തിൽ കേരള ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ പ്രാഥമിക ബാങ്കുകളുടെ പ്രവർത്തനം കേരള ബാങ്കിന്റെ കറസ്പോണ്ടന്റ് എന്ന നിലയിലേക്ക് മാറിയേക്കും. ബാങ്കുകളുടെ പ്രവർത്തനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവും. നബാർഡിന്റെ പുനർവായ്പയിൽ ഉൾപ്പെടെ ഇത് പ്രകടമാകും. പ്രാഥമിക സർവീസ് ബാങ്കുകൾ കമ്മീഷൻ ഇടപാടുകാരായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

രാജ്യത്ത് 95000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇവയിൽ 63000 സംഘങ്ങളാണ് സജീവമായിട്ടുള്ളത്. ഇവയെയാണ് പൊതു സോഫ്റ്റ് വെയറിന്റെ കീഴിൽ കൊണ്ടുവരുന്നത്. 2022 ജൂൺ 29 ന് കോമൺ സോഫ്റ്റ് വെയർ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മൂന്നു വർഷത്തിനകം പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2516 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.

ഇടപാടുകളുടെ ചെലവു കുറച്ച് വായ്പാ വിതരണം വേഗത്തിലാക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടമായി വിലയിരുത്തുന്നത്. കാർഷിക സംഘങ്ങൾക്ക് പണം നൽകുന്നതിലെ അസമത്വങ്ങൾ ഇല്ലാതാക്കാനും ഇതിലൂടെ കഴിയും. സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളുമായി ചേർന്ന് തടസ്സമില്ലാതെ ഇടപാടുകൾ നടത്താനും കഴിയുമെന്ന് ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നു. പൊതു സോഫ്റ്റ്‌ വെയറിനെക്കുറിച്ച് അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക ബാങ്കുകളുടെ വിവരങ്ങൾ കേരള ബാങ്കുവഴി കേന്ദ്രത്തിന് കൈമാറണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾ ഭാവിയിൽ പൂർണമായി കേന്ദ്ര നിയന്ത്രണത്തിലായേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഓൺലൈൻ ഇടപാടുകൾ നടത്താൻ കേന്ദ്രം നിർദ്ദേശിക്കുന്ന കോമൺ അക്കൗണ്ടിങ് സിസ്റ്റം, മാനേജ്മെന്റ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയേ പറ്റൂ. മാത്രമല്ല ഇതിനനുസരിച്ചായിരിക്കും നബാർഡിൽ നിന്നുള്ള വിവിധ ധനസഹായങ്ങൾ ബാങ്കുകൾക്കു ലഭിക്കുക. ബാങ്കുകളുടെ എല്ലാ പ്രവർത്തനങ്ങളും ഇ.ആർ.പി (എന്റർപ്രൈസസ് റിസോഴ്സ് പ്ലാനിങ്) അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറിന്റെ ഭാഗമാകും. സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളുമായും നബാർഡുമായും ബന്ധിപ്പിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം. അതേസമയം കേരള ബാങ്കിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ച് പൊതു സോഫ്റ്റ് വെയർ നടപ്പാക്കാനുള്ള പദ്ധതി നിർവഹണ ഘട്ടത്തിലാണ്. കേന്ദ്രത്തിന്റെ ചുവടു പിടിച്ചാണ് സംസ്ഥാനത്തും ഈ പരിഷ്ക്കരണം നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *