പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവി ഇനി അദാനിക്ക് സ്വന്തം,64.71% ഓഹരി

പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവി ഇനി അദാനിക്ക് സ്വന്തം. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും 27.26% ഓഹരി വിൽക്കുമെന്നു പ്രഖ്യാപിച്ചതോടെ എൻഡിടിവിയിൽ അദാനിയുടെ ഓഹരി 64.71 ശതമാനമായി ഉയരും. നിലവിൽ 37.5 ശതമാനവുമായി അദാനി ഗ്രൂപ്പ് എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരിയുടമയാണ്. പുതിയ നീക്കത്തോടെ ഓഹരി വിഹിതം 51% കടക്കുന്നതിനാൽ കമ്പനി അദാനിയുടേതാകും. അദാനിയുടെ മാധ്യമ ഉപകമ്പനിയായ എഎംജി മീഡിയ നെറ്റ്‍വർക്കിനായിരിക്കും ഇനി എൻഡിടിവിയുടെ ചുമതല.29.18% ഓഹരി നേരത്തെ തന്നെ സ്വന്തമാക്കിയ അദാനി ഡിസംബർ ആദ്യ ആഴ്ച നടന്ന ഓപ്പൺ ഓഫർ വഴിയാണ് വിഹിതം 37.5 ശതമാനമായി ഉയർത്തിയത്.

എൻഡിടിവിയിൽ 32.26% ഓഹരിയാണ് പ്രണോയ് റോയിക്കും രാധിക റോയിക്കും ബാക്കിയുണ്ടായിരുന്നത്. 27.26% അദാനിക്ക് വിൽക്കുന്നതോടെ ഇരുവർക്കും ഇനി 5% ഓഹരി മാത്രമേ ഉണ്ടാവുകയുള്ളൂ. വിശ്വാസ്യത, ആധികാരികത തുടങ്ങിയവയുടെ പര്യായമായ എൻഡിടിവിയിലാണ് ഗൗതം അദാനി നിക്ഷേപിച്ചിരിക്കുന്നതെന്നും, ഈ മൂല്യങ്ങൾ അദ്ദേഹം കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രണോയ് റോയിയും രാധിക റോയിയും പറഞ്ഞു. ഓപ്പൺ ഓഫർ സമയം മുതൽ അദാനിയുമായി നടത്തിയ ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും തങ്ങൾ മുന്നോട്ടുവച്ച എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ അദ്ദേഹം അംഗീകരിച്ചെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *