2022 ൽ  ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം സാക്ഷ്യംവഹിച്ച പ്രധാന ഏറ്റെടുക്കല്‍/ ലയന നടപടികൾ ഏതൊക്കെ എന്നറിയാം 

തിവേഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ വേണ്ടിയുള്ള ഏറ്റെടുക്കലുകളാലും ഗ്രൂപ്പ് കമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ഏകീകരണ, ലയന നടപടികളാലും 2022-ല്‍ ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം ഏറെ സജീവമായിരുന്നു. വമ്പന്‍ ബിസിനസ് ഗ്രൂപ്പുകളായ അദാനിയും ടാറ്റായുമൊക്കെ വിവിധ നടപടികള്‍ പ്രഖ്യാപിച്ചു. മൊത്തം 17,100 കോടി ഡോളര്‍ മൂല്യമുള്ള ഏറ്റെടുക്കല്‍/ ലയനങ്ങളാണ് ഈ കലണ്ടര്‍ വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനികള്‍ നടപ്പാക്കിയത്. 2022-ല്‍ ഇന്ത്യന്‍ കോര്‍പറേറ്റ് ലോകം സാക്ഷ്യംവഹിച്ച പ്രധാന ഏറ്റെടുക്കല്‍/ ലയന നടപടികളാണ് ചുവടെ ചേര്‍ക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക് & എച്ച്ഡിഎഫ്‌സി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്കും ഏറ്റവും വലിയ ഭവന വായ്പ സേവനദാതാക്കളായ എച്ച്ഡിഎഫ്‌സിയും തമ്മില്‍ ലയിക്കുന്നതിനുള്ള നടപടികള്‍ക്കും 2022 സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്ത് ഇതുവരെ നടന്നിട്ടുള്ളതിലെ ഏറ്റവും വലിയ ലയനമാണിത്. ഇടപാടിന്റെ മൂല്യം 5,780 കോടി ഡോളറാണ്. ലയന നടപടികള്‍ 2023-ന്റെ രണ്ടാം പാദത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകളുടേതിന് സമാനമായി വന്‍കിട എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തുന്നതും എസ്എല്‍ആര്‍ നിരക്ക് കുറച്ചതും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്പ വര്‍ധിപ്പിക്കേണ്ട സാഹചര്യവുമൊക്കെയാണ് എച്ച്ഡിഎഫ്‌സിയെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ലയിക്കാന്‍ പ്രേരിപ്പിച്ചത്.

ടാറ്റ ഗ്രൂപ്പ് & എയര്‍ ഇന്ത്യ

69 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ, ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കനത്ത കടബാധ്യതില്‍ പ്രവര്‍ത്തനം സ്തംഭിക്കുന്നതിന്റെ വക്കിലായിരുന്ന പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുക്കുന്നതിനുള്ള ലേല നടപടികളില്‍ ടാറ്റ ഗ്രൂപ്പ് വിജയിച്ചത്. തുടര്‍ന്ന് ഈവര്‍ഷം ജനുവരിയോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി്. 18,000 കോടിയുടേതായിരുന്നു ഇടപാട്. പിന്നാലെ ടാറ്റാ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വിമാനക്കമ്പനികള്‍ ഏകീകരിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ടാറ്റയുടെ കീഴില്‍ ചെലവ് കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയവയും വിസ്താരയ്ക്കൊപ്പം 2024-ഓടെ എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍ഡിലേക്ക് ഏകീകരിക്കാനാണ് ഗ്രൂപ്പ് നേതൃത്വം ലക്ഷ്യമിടുന്നത്.

ടാറ്റ ഗ്രൂപ്പ് ലയനങ്ങള്‍

>> ടാറ്റ സ്റ്റീലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 7 ഉപകമ്പനികളെ ലയിപ്പിക്കാനുള്ള തീരുമാനം സെപ്റ്റംബറില്‍ പ്രഖ്യാപിച്ചു. ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ്, ടാറ്റ മെറ്റാലിക്‌സ്, ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ, ടിആര്‍എഫ് ലിമിറ്റഡ്, ഇന്ത്യന്‍ സ്റ്റീല്‍ & വയര്‍ പ്രോഡക്ട്‌സ്, ടാറ്റ സ്റ്റീല്‍ മൈനിങ്, എസ് & ടി മൈനിങ് എന്ന ഉപകമ്പനികളെയാണ് ടാറ്റ സ്റ്റീലില്‍ ലയിപ്പിക്കുന്നത്. പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് നീക്കം. 2019 മുതല്‍ ടാറ്റ സ്റ്റീലില്‍ നടപ്പാക്കുന്ന ഏകീകരണ നടപടികളിലൂടെ 116 അനുബന്ധ സ്ഥാപനങ്ങളെയാണ് ഇതുവരെ ഒഴിവാക്കിയിട്ടുള്ളത്.

>> ടാറ്റ കോഫിയുടെ കീഴിലുള്ള പ്ലാന്റേഷന്‍ വിഭാഗത്തെ വേര്‍പെടുത്തി ടിബിഎഫ്എല്‍ എന്ന പേരില്‍ പുതിയ ഉപകമ്പനി രൂപീകരിച്ച ശേഷം, ബ്രാന്‍ഡഡ് കോഫി ഉള്‍പ്പെടെയുള്ള ബാക്കിയുള്ള ടാറ്റ കോഫിയുടെ ബിസിനസ് വിഭാഗങ്ങള്‍ എല്ലാം ടാറ്റ കണ്‍സ്യൂമറില്‍ ലയിപ്പിച്ചു. മാര്‍ച്ച് മാസത്തിലായിരുന്നു ഈ നടപടികള്‍.

അദാനി ഏറ്റെടുക്കലുകള്‍

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പ് സിമന്റ്, മീഡിയ മേഖലകളിലേക്കാണ് 2022-ല്‍ പടര്‍ന്നു പന്തലിച്ചത്. നേരത്തെ നാമമാത്ര സാന്നിധ്യം മാത്രമുണ്ടായിരുന്ന സിമന്റ്, മീഡിയ വിഭാഗങ്ങളില്‍ ഈ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പെ മുന്‍നിരയിലെത്താന്‍ അദാനിക്ക് സാധിച്ചു.

>> അംബുജ, എസിസി സിമന്റ് കമ്പനികളെ സ്വിസര്‍ലാന്റ് കമ്പനിയായ ഹോള്‍സിമിന്റെ പക്കല്‍ നിന്നും 650 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെ ഇന്ത്യന്‍ സിമന്റ് വ്യവസായ മേഖലയില്‍ രണ്ടാം സ്ഥാനത്തേക്കും അദാനി ഗ്രൂപ്പ് കുതിച്ചുയര്‍ന്നു.

>> അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വര്‍ക്കിന്റെ (എഎംഎന്‍എല്‍) ഉപകമ്പനിയായ വിശ്വപ്രധാന്‍ കൊമേഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) മുഖേനയാണ് രാജ്യത്തെ മുന്‍നിര മീഡിയ കമ്പനിയായ ന്യൂഡല്‍ഹി ടെലിവിഷന്‍ (എന്‍ഡിടിവി) ലിമിറ്റഡില്‍ അദാനി ഗ്രൂപ്പ് ഏറ്റവും വലിയ ഓഹരി ഉടമകളായത്. ഇന്നലെയോടെ കമ്പനിയുടെ സ്ഥാപകരായ രാധികയും പ്രണോയ് റോയിയും തങ്ങളുടെ കൈവശമുള്ള 27.26% ഓഹരികളും കൂടി കൈമാറാമെന്ന് സമ്മതിച്ചതോടെ എന്‍ഡിടിവിയില്‍ അദാനിയുടെ പങ്കാളിത്തം 65 ശതമാനമായി ഉയരും.

മറ്റ് പ്രധാന ലയനങ്ങള്‍

>> പിവിആര്‍ ഐനോക്‌സ്- വിനോദ വ്യവസായ രംഗത്തെ പ്രമുഖ കമ്പനികളായ പിവിആര്‍, ഐനോക്‌സ് ലെഷര്‍ എന്നിവ തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചു. നടപടികള്‍ പൂര്‍ത്തിയായ ശേഷം പിവിആര്‍ ഐനോക്‌സ് ലിമിറ്റഡ് എന്ന പേരിലായിരിക്കും പുതിയ കമ്പനി അറിയപ്പെടുക. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സിനിമ പ്രദര്‍ശന ശാലകള്‍ വമ്പന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാണ് മുന്‍നിര കമ്പനികളെ ലയിക്കുന്നതിന് പ്രേരിപ്പിച്ചത്.

>> എല്‍ടിഐ & മൈന്‍ഡ് ട്രീ- രാജ്യത്തെ വന്‍കിട ബിസിനസ് ഗ്രൂപ്പായ ലാര്‍സണ്‍ & ട്യൂബ്രോയുടെ (എല്‍&ടി) ഐടി മേഖലയിലുള്ള ഉപകമ്പനികളായ ലാര്‍സണ്‍ & ട്യൂബ്രോ ഇന്‍ഫോടെക്കും (എല്‍ടിഐ) മൈന്‍ഡ്ട്രീയും തമ്മില്‍ ഈവര്‍ഷം മേയ് മാസത്തിലാണ് ലയനം പ്രഖ്യാപിച്ചത്. 350 കോടി ഡോളറിന്റേതായിരുന്നു ഇടപാട്. ലയന നടപടികള്‍ നവംബര്‍ പകുതിയോടെ പൂര്‍ത്തായാക്കി. ഇതോടെ വിപണി മൂല്യത്തില്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഐടി കമ്പനിയായും ‘എല്‍ടിഐ-മൈന്‍ഡ്ട്രീ’ മാറിക്കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *