അവശ്യമരുന്നുകളുടെ വില പരിധി നിശ്ചയിച്ചു ,അധിക വില ഈടാക്കിയാൽ പരാതിപെടാം

അവശ്യമരുന്നുകൾക്ക് വില പരിധി നിശ്ചയിച്ച് മരുന്നുകളുടെ വിലനിർണ്ണയ അതോറിറ്റി (നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി). പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഈടാക്കാൻ ആകുന്ന ഉയർന്ന വിലയാണ് നിശ്ചയിച്ചത്. റീട്ടെയ്‍ലർമാർക്ക് കൂടുതൽ തുക ഈടാക്കാൻ ആകില്ല. ജിഎസ്ടി തുക അധികമായി ഉൾപ്പെടുത്താം എങ്കിലും പരമാവധി വിലയിൽ കൂടുതൽ ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് പരാതി നൽകാൻ ആകും. ഉയർന്ന തുകയേക്കാൾ കൂടുതലാണ് മരുന്നുകൾക്ക് ഈടാക്കുന്നതെങ്കിൽ ആ തുക പലിശ സഹിതം കെട്ടിവയ്ക്കേണ്ടി വരും.

650 മില്ലിഗാം പാരസെറ്റമോളിന് 1.78 രൂപയാണ് ജിഎസ്ടി ഒഴികെയുള്ള വില. പ്രമേഹം, രക്തസമ്മർദം, അസിഡിറ്റി, ആന്റിഫംഗൽ അണുബാധകൾ, അപസ്മാരം പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുടെ മരുന്ന് വില നിശ്ചയിച്ചിട്ടുണ്ട്.

പ്രമേഹത്തിന് ഉപയോഗിക്കുന്ന മെറ്റ്ഫോർമിൻ 1000 എംജി ഗുളികക്ക് 3.52 രൂപയാണ് പരമാവധി വില. രക്തസമ്മർദത്തിന് ഉപയോഗിക്കുന്ന അമിലോഡിപിൻ ഗുളികക്ക് 2.5 എംജിക്ക് 1.59 രൂപയാണ് വില. റാമിപ്രിലിന് 4.65 രൂപയാണ് വില. ടെലിമിസാർട്ടിൻ 20 മില്ലിഗ്രാമിന് 3.44 രൂപയാണ് വില. ആന്റിബയോട്ടിക് ആയ ആമോക്സിലിൻ ക്ലൗവുലനേറ്റ് പാക്കിന് 168.43 രൂപയാണ് വില. ആന്റിഫംഗൽ അണുബാധക്ക് ഉപയോഗിക്കുന്ന ഇട്രകോണസോൾ കാപ്സ്യൂളിന് 11രൂപയാണ് വില.

കഴിഞ്ഞ ഏപ്രിലിലാണ് ജീവൻരക്ഷാ മരുന്നുകൾക്ക് സർക്കാർ അവസാനമായി വില ഉയർത്തിയത്.
പാരസെറ്റമോൾ ഉൾപ്പെടെ അവശ്യമരുന്നുകൾക്ക് 10 ശതമാനത്തിലധികം ആണ് വില ഉയര്‍ന്നത്.ഇതേതുടർന്ന് 800-ൽ അധികം അവശ്യ മരുന്നുകൾക്ക് വില ഉയർന്നിരുന്നു.

10.7 ശതമനം വിലവർദ്ധനയാണ് നിലവിൽ വന്നത്. പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മർദ്ദം, ത്വക്ക് രോഗങ്ങൾ, വിളർച്ച തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ എല്ലാം വില നേരത്തെ തന്നെ വർധിച്ചിരുന്നു. പാരസെറ്റമോൾ, ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോൾ തുടങ്ങിയ മരുന്നുകളെല്ലാം ഇങ്ങനെ വില ഉയർന്നവയാണ്.

വാർഷിക മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് ആണ് മരുന്ന് വില കൂട്ടാൻ മരുന്ന് നിർമ്മാതാക്കൾക്ക് സർക്കാർ അനുമതി നൽകിയത്. മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ ഉയർന്നതിനേ തുടർന്നാണ് 10.7 ശതമാനം വില വർധന പ്രാബല്യത്തിൽ വന്നത്. 2020-ൽ 0.5 ശതമാനമായിരുന്നു വില വര്‍ധന. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കൽ കോംപോണൻറുകൾക്ക് കൊവിഡ് കാലത്ത് വില കൂടിയിരുന്നു. കൂടാതെ പാക്കേജിങ് മെറ്റീരിയലുകളുടെ വില വര്‍ധനയുൾപ്പെടെ കണക്കിലെടുത്താണ് ഈ വർഷം മരുന്നു വില വര്‍ധിപ്പിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *