വിലക്കയറ്റം പിടിച്ച് നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഏഴ് കാർഷിക ഉൽപ്പന്നങ്ങളുടെ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ട്രേഡിംഗ് താൽക്കാലികമായി നിർത്തി വെച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). 2023 ഡിസംബർ വരെയാണ് വ്യാപാരം നിർത്തിവെച്ചത്. നെല്ല് (ബസ്മതി ഇതര), ഗോതമ്പ്, ചേന, അസംസ്കൃത പാമോയിൽ, കടുക് വിത്തുകൾ, അവയുടെ ഉത്പന്നങ്ങൾ, സോയാബീനും അതിന്റെ ഉൽപ്പന്നങ്ങൾ എന്നിവയാണ് സെബി താൽക്കാലികമായി നിർത്തിവച്ച കാർഷിക ഉൽപ്പന്നങ്ങൾ.
കഴിഞ്ഞ വർഷം, 7 ചരക്കുകളിൽ പുതിയ കരാർ ആരംഭിക്കുന്നതിൽ നിന്ന് എക്സ്ചേഞ്ചുകളെ സെബി വിലക്കിയിരുന്നു. ഈ ഏഴ് കാർഷിക ഡെറിവേറ്റീവ് കരാറുകളിൽ വ്യാപാരം പുനരാരംഭിക്കാൻ എക്സ്ചേഞ്ചുകളെ അനുവദിക്കണമെന്ന് ഈ മാസം ആദ്യം, കമ്മോഡിറ്റി പാർട്ടിസിപ്പന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിപിഎഐ) സർക്കാരിനോടും സെബിയോടും ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക മന്ത്രാലയത്തിനും സെബിക്കും നൽകിയ കത്തിൽ, നീണ്ടുനിൽക്കുന്ന നിരോധനങ്ങൾ ഇന്ത്യൻ ചരക്ക് വിപണിയുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഇന്ത്യയുടെ എളുപ്പത്തിലുള്ള ബിസിനസ്സ് അന്തരീക്ഷത്തെക്കുറിച്ചുള്ള ധാരണയെ ഗുരുതരമായി ഇല്ലാതാക്കുന്നുവെന്നും അസോസിയേഷൻ പറഞ്ഞു.
എന്നാൽ, മേൽപ്പറഞ്ഞ കരാറുകളിലെ വ്യാപാരം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് 2022 ഡിസംബർ 20 ന് ശേഷം ഒരു വർഷത്തേക്ക് കൂടി, അതായത് 2023 ഡിസംബർ 20 വരെ നീട്ടിയാതായി സെബി ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള ചില്ലറ പണപ്പെരുപ്പം നവംബറിൽ 5.9 ശതമാനത്തിലെത്തി, 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. പണപ്പെരുപ്പം കുറയുന്നത് വിപണിയിൽ പ്രതീക്ഷ നലകിയിട്ടുണ്ട്. ഭക്ഷ്യ സൂചികയിലാണ് ഏറ്റവും കുറവ് വന്നിട്ടുള്ളത്.