സ്വകാര്യ കമ്പനികൾക്കു വൈദ്യുതി പ്രസരണ ലൈനുകൾ സ്ഥാപിക്കാൻ അനുമതി നൽകണമെ നുള്ള സുപ്രീം കോടതി വിധി നടപ്പാക്കേണ്ടി വരും

സ്വകാര്യ കമ്പനികൾക്കു വൈദ്യുതി പ്രസരണ ലൈനുകൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്നും മാനദണ്ഡങ്ങൾ 3 മാസത്തിനകം രൂപീകരിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി റഗുലേറ്ററി കമ്മിഷൻ നടപ്പാക്കേണ്ടി വരും.സ്വകാര്യ ലൈൻ വരുമ്പോൾ അത് ഉപയോഗിക്കാനുള്ള നിരക്കും മറ്റും നിശ്ചയിക്കണം. ഇതു 3 മാസത്തിനകം തീരുമാനിക്കണമെന്നാണു കഴിഞ്ഞ മാസം 23ന് പുറപ്പെടുവിച്ച വിധിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും റഗുലേറ്ററി കമ്മിഷനുകളോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്.

വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണത്തോടു കേരളം എതിരാണ്. എന്നാൽ വിധി റഗുലേറ്ററി കമ്മിഷൻ അനുസരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യം ആകും. ഈ സാഹചര്യത്തിൽ മാനദണ്ഡം തയാറാക്കാൻ കമ്മിഷൻ നിർബന്ധിതമാകും. എല്ലാ സംസ്ഥാനങ്ങളിലും മാനദണ്ഡവും ചട്ടവും തയാറാക്കുമ്പോൾ കേരളത്തിനു മാത്രം വിട്ടുനിൽക്കാൻ സാധിക്കില്ല. വിധി നടപ്പാക്കുന്നതോടെ സ്വകാര്യ കമ്പനികൾക്കു സംസ്ഥാനത്തിനകത്തു പ്രസരണ ലൈനുകളോ സബ്സ്റ്റേഷനുകളോ നിർമിക്കാം.

മുംബൈയിലേക്കു ഹൈ വോൾട്ടേജ് പ്രസരണ ലൈൻ നിർമിക്കാൻ അദാനിക്കു മഹാരാഷ്ട്ര റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയതിനെതിരെ ടാറ്റയാണു സുപ്രീം കോടതിയെ സമീപിച്ചത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി പ്രസരണം ചെയ്യാൻ തയാറാകുന്ന കമ്പനിയെ ടെൻഡർ വിളിച്ചു കണ്ടെത്തണം എന്നായിരുന്നു ടാറ്റയുടെ വാദം. എന്നാൽ ടെൻഡർ വിളിച്ചും നേരിട്ടും കമ്പനികൾക്ക് അനുമതി നൽകാൻ റഗുലേറ്ററി കമ്മിഷന് അധികാരമുണ്ടെന്നു സുപ്രീം കോടതി വിധിച്ചു. ടാറ്റയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നിശ്ചിത തുകയ്ക്കു മുകളിൽ ചെലവു വരുന്ന ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നതു നിരക്ക് അടിസ്ഥാനമാക്കിയുള്ള ടെൻഡർ വഴിയാകണമെന്നു കേന്ദ്ര വൈദ്യുതി നിരക്ക് നയത്തിൽ പറയുന്നുണ്ട്. സംസ്ഥാനാന്തര ലൈനുകൾ ഈ രീതിയിൽ മാത്രമേ നിർമിക്കാൻ പറ്റൂ. എന്നാൽ സംസ്ഥാനത്തിനുള്ളിൽ എങ്ങനെ വേണമെന്നു സംസ്ഥാനത്തിനു തീരുമാനിക്കാം.

മഹാരാഷ്ട്രയിൽ 500 കോടി രൂപയ്ക്കു മുകളിലുള്ള ലൈനുകൾ ടെൻഡറിലൂടെ മാത്രമേ നൽകാവൂ എന്ന് അവിടെ സർക്കാ‍ർ തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനം എടുക്കേണ്ടതു റഗുലേറ്ററി കമ്മിഷനാണെന്നും സർക്കാർ അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഈ സാഹചര്യത്തിലാണു സംസ്ഥാനത്തിനുള്ളിൽ പ്രസരണ ലൈനുകൾ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ 3 മാസത്തിനകം തയാറാക്കണമെന്നു റഗുലേറ്ററി കമ്മിഷനുകളോടു കോടതി ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *