കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ ഏറ്റടുത്ത് വിപ്രോ കൺസ്യൂമർ കെയർ. നിറപറയെ സ്വന്തമാക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനം വിപ്രോ പ്രഖ്യാപിച്ചു. അതേസമയം ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപ്രോ ഗ്രൂപ്പ് വിഭാഗം നിറപാറയുമായി കരാറിൽ ഒപ്പുവെച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ഈ ഏറ്റെടുക്കലിലൂടെ, സുഗന്ധവ്യഞ്ജന വിപണിയിൽ ഇതിനകം സാന്നിധ്യമുള്ള ഡാബർ, ഇമാമി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ എഫ്എംസിജി സ്ഥാപനഗോളതായിരിക്കും വിപ്രോ കൺസ്യൂമർ കെയർ ഏറ്റുമുട്ടുക.
1976-ൽ ആരംഭിച്ച നിറപറ, കേരളത്തിൽ ഏറെ വിറ്റഴിയുന്ന ബ്രാൻഡാണ്. വൈവിധ്യമാർന്ന ഭക്ഷ്യ ഉത്പന്നങ്ങളാണ് നിറപറയുടേതായി വിപണിയിൽ എത്താറുള്ളത്. മസാല പൊടികളും സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും ‘അപ്പം’, ‘ഇടിയപ്പം’ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അരിപ്പൊടിയും വിപണിയിൽ ഏറെ ഡിമാന്റുള്ളതാണ്
നിറപറ കമ്പനിയുടെ 13-ാമതത്തെ ഏറ്റെടുക്കലാണെന്നും സുഗന്ധവ്യഞ്ജനങ്ങൾ, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ എന്നിവയിൽ കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കുമെന്നും വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗർവാൾ പറഞ്ഞു. പാക്കേജ്ഡ് ഫുഡ്സ്, സ്പൈസസ് വിഭാഗത്തിൽ മുൻനിരയിലെത്താൻ വിപ്രോയെ സഹായിക്കുന്നതാണ് പുതിയ ഏറ്റെടുക്കൽ. ഇന്ത്യയിലെ ഭക്ഷ്യവിപണിയിലേക്ക് കമ്പനി കടക്കും എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിപ്രോ നിറപറയ ഏറ്റെടുത്തത്.നിലവിൽ, നിറപറയുടെ 63 ശതമാനം ബിസിനസ്സ് കേരളത്തിൽ നിന്നാണ്, 8 ശതമാനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ബാക്കി 29 ശതമാനം അന്താരാഷ്ട്ര വിപണികളിൽ നിന്നും, പ്രധാനമായും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നാണ്.
വിപ്രോ എന്റർപ്രൈസസിന്റെ ഭാഗമായ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്, ഇന്ത്യയിൽ അതിവേഗം വളരുന്ന എഫ്എംസിജി ബിസിനസ്സുകളിൽ ഒന്നാണ്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനി 8,630 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി, വ്യക്തിഗത വാഷ് ഉൽപ്പന്നങ്ങൾ, ടോയ്‌ലറ്ററികൾ, ഫേഷ്യൽ കെയർ ഉൽപ്പന്നങ്ങൾ, വെൽനസ് ഉൽപ്പന്നങ്ങൾ, ഹോം കെയർ ഉൽപ്പന്നങ്ങൾ, ഇലക്ട്രിക്കൽ വയർ ഉപകരണങ്ങൾ, ഗാർഹികവും വാണിജ്യപരവുമായ ലൈറ്റിംഗ്, സീറ്റിംഗ് സൊല്യൂഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.