സാധാരണ റജിസ്ട്രേഷനുള്ള വാഹനവും ഇനി ഭാരത് സീരീസ് (ബിഎച്ച് സീരീസ്) റജിസ്ട്രേഷനിലേക്കു മാറ്റാം. ഇതുവരെ പുതിയ വാഹനങ്ങളുടെ റജിസ്ട്രേഷനിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. ഇതിനായി 1989ലെ കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. എന്നാൽ കേരളം നിലവിൽ ബിഎച്ച് സീരീസ് റജിസ്ട്രേഷൻ നൽകാത്തതിനാൽ ഇതിന്റെ ഗുണഫലം കേരളത്തിലുള്ളവർക്കു ലഭിക്കില്ല.
നിലവിൽ ഒരു സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിച്ചാൽ റീ–റജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. ഇത് ബിഎച്ച് വാഹനങ്ങൾക്ക് ബാധകമല്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നവർക്കും മാറിത്താമസിക്കുന്നവർക്കും ഇതേറെ ഗുണകരമാണ്. ബിഎച്ച് എന്നു തുടങ്ങുന്നതാണ് വാഹന നമ്പർ
സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര – സംസ്ഥാന സർക്കാരിലെയും ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ് ബിഎച്ച് സീരീസ് നമ്പറിനുള്ള യോഗ്യത. ഇവർക്ക് അവരുടെ വാഹനം ബിഎച്ച് സീരീസിലേക്ക് മാറ്റാൻ നിലവിൽ റജിസ്ട്രേഷൻ എടുത്തിരിക്കുന്ന സംസ്ഥാനത്ത് ഫോം27എ ഉപയോഗിച്ച് അപേക്ഷ നൽകാം. സ്വകാര്യമേഖല ജീവനക്കാരനാണെങ്കിൽ സ്ഥാപനത്തിൽ നിന്നുള്ള വർക്കിങ് സർട്ടിഫിക്കറ്റും നൽകണം.
ബിഎച്ച് റജിസ്ട്രേഷനുള്ള വാഹനം ബിഎച്ച് റജിസ്ട്രേഷന് അർഹതയില്ലാത്ത ഒരു വ്യക്തിക്ക് വിൽക്കുകയാണെങ്കിൽ നിശ്ചിത നികുതി അടച്ച് സാധാരണ റജിസ്ട്രേഷൻ എടുക്കാം. ബിഎച്ചിന് യോഗ്യതയുള്ള വ്യക്തിക്കാണ് വിൽക്കുന്നതെങ്കിൽ നിലവിലുള്ള റജിസ്ട്രേഷൻ തുടരാം. ബിഎച്ച് റജിസ്ട്രേഷനുള്ള ഒരു വ്യക്തിക്ക് അതിന്റെ അർഹത നഷ്ടപ്പെട്ടാലും നികുതിയടച്ച കാലയളവ് വരെ ആ റജിസ്ട്രേഷൻ തുടരാം. സർക്കാർ ജീവനക്കാർക്ക് അവരുടെ ഐഡി കാർഡിനു പുറമേ സർവീസ് സർട്ടിഫിക്കറ്റ് നൽകിയും ബിഎച്ച് റജിസ്ട്രേഷന് അപേക്ഷിക്കാം. സ്ഥിരമേൽവിലാസമുള്ള സംസ്ഥാനത്തുനിന്നോ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നോ അപേക്ഷിക്കാം.
രാജ്യത്ത് 20 സംസ്ഥാനങ്ങൾ അരലക്ഷത്തോളം വാഹനങ്ങൾക്ക് ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) വാഹന റജിസ്ട്രേഷൻ നൽകിയിട്ടും അനങ്ങാതെ കേരളം. ഡിസംബർ 5 വരെയുള്ള കണക്കനുസരിച്ച് 49,696 വാഹനങ്ങൾക്കാണ് രാജ്യത്ത് ഭാരത് റജിസ്ട്രേഷനുള്ളത്.
കേരളത്തിനു പുറമേ തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ബിഎച്ച് സീരീസിനോട് വിമുഖത കാണിക്കുന്നത്. വലിയ സാമ്പത്തികനഷ്ടമുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേരളം എതിർക്കുന്നത്.