ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രംഗത്തെത്തി. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ പുതുക്കുന്നതിനുള്ള പിഴത്തുകയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഐസി അധികൃതര്‍ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കയിരിക്കുന്നത്.
എല്‍ഐസി പോളിസിയുമായി ബന്ധപ്പെടുത്തി രണ്ട് വ്യാജ സന്ദേശങ്ങളാണ് പ്രധാനമായും പ്രചരിക്കുന്നത്. സമയബന്ധിതമായി കെവൈസി രേഖകള്‍ പുതുക്കാത്തവര്‍ക്കെതിരേ പിഴത്തുക ചുമത്തുമെന്നും പോളിസി ഉടമകളുടെ വ്യക്തിവിവരങ്ങളും രേഖകളും ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അടുത്തിടെയാണ് എല്‍ഐസി സേവനങ്ങള്‍ വാട്‌സാപ്പ് മുഖേനയും ലഭ്യമാക്കി തുടങ്ങിയത്. ഇതിനു പിന്നാലെയാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നതും ശ്രദ്ധേയം.
അതേസമയം, കെവൈസി രേഖകള്‍ യഥാസമയം പുതുക്കി സൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും വീഴ്ച വരുത്തുന്നവര്‍ക്കെതിരേ യാതൊരുവിധ പിഴയും ഈടാക്കാറില്ലെന്ന് കഴിഞ്ഞ ദിവസം എല്‍ഐസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകാതെ ശ്രദ്ധിക്കണം. കൂടാതെ പോളിസിയുമായി ബന്ധപ്പെട്ട എല്ലാത്തരം ഔദ്യോഗിക അറിയിപ്പുകള്‍ക്കും താഴെ കൊടുത്തിരിക്കുന്ന 4 മാര്‍ഗങ്ങളാണ് പിന്തുടരേണ്ടതെന്നും എല്‍ഐസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
- എല്‍ഐസിയുടെ ഔദ്യോഗിക വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- പോളിസിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എല്‍ഐസിയുടെ ഔദ്യോഗിക കോള്‍ സെന്ററിലേക്ക് വിളിക്കുക. ഫോണ്‍: (022) 68276827
- എല്‍ഐസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് @LICIndiaForever ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയില്‍ പിന്തുടരുക.
- എല്‍ഐസി ഏജന്റിനേയോ തൊട്ടടുത്തുള്ള എല്‍ഐസി ശാഖയിലോ ബന്ധപ്പെടുക.
അതേസമയം, എല്‍ഐസിയുടെ വെബ്‌സൈറ്റ് മുഖേന ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈനായി കൂടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് പ്രീമിയം കുടിശിക, ബോണസ്, സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള 11 സേവനങ്ങള്‍ വാട്‌സാപ്പിലൂടെ ലഭ്യമാകുകയുള്ളൂ. 8976862090 എന്ന എല്‍ഐസിയുടെ വാട്‌സാപ്പ് നമ്പര്‍ ഫോണില്‍ സേവ് ചെയ്ത ശേഷം അതിലേക്ക് ‘Hi’ എന്ന മെസേജ് അയച്ചാല്‍ സേവനങ്ങളുടെ പട്ടിക മറുപടിയായി ലഭിക്കും. ഇതില്‍ നിന്നും ആവശ്യമായ സേവനത്തിനു നേരെയുള്ള നമ്പര്‍ ടൈപ്പ് ചെയ്ത് സന്ദേശം അയച്ചാല്‍ വിവരം ഉടനടി ലഭ്യമാകും.