നവയുഗത്തിൻ്റെ അവിഭാജ്യ ഭാഗമായി തീർന്നിട്ടുള്ള ഡിജിറ്റൽ മാധ്യമങ്ങളെ സൃഷ്ടിപരമായി പരിചയപ്പെടുത്തുന്നതിനും ഈ മേഖല തുറന്നു നൽകുന്ന അനന്തമായ തൊഴിൽ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി, ജീവിതം കരുപ്പിടിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഡോൺ ബോസ്കോ ബോയ്സ് ഹോമിൽ ദ്വിദിന സിനിമാ ശില്പശാല നടത്തി. അനാഥത്വം കൊണ്ടും മറ്റു പല കാരണങ്ങളാലും ജീവിതം വഴിമുട്ടി, ചൈൽഡ് വെൽഫേർ കമ്മിറ്റിയുടെ ഉത്തരവു പ്രകാരം ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിയ 50ൽപ്പരം കുട്ടികളാണ് ശില്പശാലയിൽ പങ്കുകൊണ്ടത്.
സ്ഥാപന മേധാവി ഫാ.പി.ഡി. തോമസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ രാജു എബ്രഹാം, ഫിലിം എഡിറ്റർ ടിജോ തങ്കച്ചൻ തുടങ്ങിയവർ സിനിമാ നിർമിതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി.പരിശീലനാനന്തരം കുട്ടികൾ തന്നെ ആശയാവിഷ്കാരം ചെയ്ത്, കഥയും, തിരക്കഥയും ഷൂട്ടീങ്ങും നിർവഹിച്ചു തയ്യാറാക്കിയ, കാണികളെ പ്രത്യാശയുടെ അനന്തവിഹായസിലേയ്ക്ക് പറന്നുയരാൻ പ്രാപ്തരാക്കുന്ന “ദി ബെൽ” എന്ന ഹ്രസ്വചിത്ര ത്തിൻ്റെ നിർമിതി, ശില്പശാലയുടെ വൻ വിജയത്തിൻ്റെ സാക്ഷ്യമായി. താല്ലര്യപ്പെട്ടു മുന്നോട്ടു വരുന്ന മുഴുവൻ കുട്ടികൾക്കും സ്ഥാപനത്തിൻ്റെ ചിലവിൽ തുടർ പരിശീലനം നൽകുമെന്ന് സ്ഥാപനാധികാരി ഉറപ്പുനൽകി.