പ്രസിദ്ധ വാഹന മാമാങ്കമായ ദില്ലി ഓട്ടോ എക്സ്പോയുടെ പതിനാറാം പതിപ്പ് 2023 ജനുവരി 13-ന് തുടങ്ങുകയാണ്. ദില്ലി ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ ആണ് ദ്വിവത്സര മെഗാ ഓട്ടോമോട്ടീവ് ഇവന്റ് നടക്കുക.
സ്വദേശീയരും വിദേശീയരുമായ നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നിസാൻ, റെനോ, ഫോക്സ്വാഗൺ, സ്കോഡ, ലെക്സസ് ഒഴികെയുള്ള എല്ലാ ആഡംബര കാർ നിർമ്മാതാക്കള്‍ തുടങ്ങി നിരവധി കമ്പനികള്‍ ഇത്തവണ ദില്ലി ഓട്ടോ എക്സ്പോ 2023 ഒഴിവാക്കുന്നുണ്ട്. മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോർ, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, കിയ, എംജി മോട്ടോർ ഇന്ത്യ, ബിവൈഡി എന്നിവ ഉൾപ്പെടുന്നതാണ് പങ്കെടുക്കുന്ന കമ്പനികളുടെ സ്ഥിരീകരിച്ച പട്ടിക. ദില്ലി വാഹന മേളയില്‍ പ്രദർശിപ്പിച്ചേക്കാവുന്ന വരാനിരിക്കുന്ന കിയ, എംജി, ബിവൈഡി മോഡലുകളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.
2023 ഓട്ടോ എക്സ്പോയിൽ കിയ കാറുകൾ
കിയ മോട്ടോറിന്റെ ശ്രേണിയിൽ സെൽറ്റോസ് ഫെയ്സ്ലിഫ്റ്റും പുതുതായി പുറത്തിറക്കിയ EV6 ഇലക്ട്രിക് ക്രോസ്ഓവറും ഉൾപ്പെട്ടേക്കാം. ഫുൾ-പ്രൊജക്ഷൻ എൽഇഡി ഹെഡ്ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപന ചെയ്ത ടെയിൽഗേറ്റ് എന്നിവയ്ക്കൊപ്പം വലിയ ടൈഗർ നോസ് ഗ്രില്ലും സഹിതം പുതുക്കിയ കിയ സെൽറ്റോസ് വരുന്നു. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), സെഗ്മെന്റ്-ഫസ്റ്റ് പനോരമിക് സ്ക്രീൻ ഡിസ്പ്ലേ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് എസ്യുവി വരുന്നത്. ഡിജിറ്റൽ ഗേജ് അപ്ഗ്രേഡും പുതിയ ഡാഷ് ട്രിമ്മും ഉള്ള പുതിയ 4.2 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിജിറ്റൽ കീ 2 ടച്ച്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കിയ കണക്റ്റ് കണക്റ്റഡ് കാർ ടെക്നോളജി തുടങ്ങിയ ഫീച്ചറുകളും ഓഫറിലുണ്ട്.
2023 ഓട്ടോ എക്സ്പോയിൽ എംജി കാറുകൾ
എയർ ഇവിയും 4 ഇവിയും ഉൾപ്പെടെ രണ്ട് പുതിയ ഇലക്ട്രിക് കാറുകൾ ചൈനീസ് വാഹന നിർമ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. ആദ്യത്തെ മോഡല്‍ അടുത്ത വർഷം ആദ്യം വിൽപ്പനയ്ക്കെത്തും. അതേസമയം രണ്ടാമത്തേതിന്റെ ഇന്ത്യൻ ലോഞ്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 20kWh മുതൽ 25kWh വരെയുള്ള ബാറ്ററി പാക്ക് ഫീച്ചർ ചെയ്യുന്ന രണ്ട് ഡോർ ഇലക്ട്രിക് കാറായിരിക്കും എംജി എയര്‍ ഇവി. ഇത് ഏകദേശം 150 കിലോമീറ്റർ റേഞ്ച് നൽകും. മെഗാ ഇവന്റിൽ പരിഷ്കരിച്ച ഹെക്ടർ, ഹെക്ടർ പ്ലസ് എസ്യുവികളും എംജി മോട്ടോർ ഇന്ത്യ പ്രദർശിപ്പിക്കും. രണ്ട് മോഡലുകളും ജനുവരി 5 ന് ഔദ്യോഗിക അരങ്ങേറ്റം കുറിക്കും . നെക്സ്റ്റ്-ജെൻ ഐ-സ്മാർട്ട് ടെക്നോളജിയും വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമുള്ള പുതിയ 14 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അൽപ്പം മെച്ചപ്പെടുത്തിയ ഡിസൈനുമായാണ് പുതിയ എംജി ഹെക്ടർ വരുന്നത്.
2023 ഓട്ടോ എക്സ്പോയിൽ ബിവൈഡി കാറുകൾ
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി പുതിയ അറ്റോ 3 ഇലക്ട്രിക് എസ്യുവി ദില്ലി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. ഇതിന്റെ ഡെലിവറികൾ ജനുവരിയിൽ ആരംഭിക്കും. 33.99 ലക്ഷം രൂപ വിലയുള്ള, ബിവൈഡി അറ്റോ 3 എംജി ഇസെഡ്എസ് ഇവി, ഹ്യുണ്ടായ് കോന ഇവി എന്നിവയെ നേരിടും. ഇലക്ട്രിക് എസ്യുവിക്ക് e 3.0 പ്ലാറ്റ്ഫോം അടിവരയിടുന്നു. കൂടാതെ 60kWh ബിവൈഡി ബ്ലേഡ് ബാറ്ററി പായ്ക്കുമുണ്ട്. ഒറ്റ ചാർജിൽ ARAI സാക്ഷ്യപ്പെടുത്തിയ 521 കിലോമീറ്റർ റേഞ്ച് വാഹനം നല്‍കും എന്നും കമ്പനി അവകാശപ്പെടുന്നു. 7.3 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പുത്തൻ ബിവൈഡി അറ്റോ 3ക്ക് കഴിയും.