ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയക്കും

ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനുപകരം പുതിയ വ്യവസ്ഥ ആകര്‍ഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. അതിനായി പുതിയ വ്യവസ്ഥയിലെ ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് അറിയുന്നു.

കിഴിവുകള്‍ ഒഴിവാക്കി നികുതി കുറച്ച് രണ്ടു വര്‍ഷം മുമ്പ് അവതരിപ്പിച്ച പുതിയ വ്യവസ്ഥയിലേയ്ക്ക് മാറാന്‍ കൂടുതല്‍പേരും മടിക്കുന്ന സാഹചര്യത്തിലാണ് നികുതി പരിധി ഉയര്‍ത്തി ആകര്‍ഷമാക്കാനുള്ള ശ്രമം നടത്തുന്നത്.

നിലവില്‍ 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കാണ് ആദായ നികുതി ഒഴിവുള്ളത്. പരിധി ഉയര്‍ത്തുന്നതോടെ വ്യക്തികളുടെ കൈവശം നിക്ഷേപം നടത്തുന്നതിനായി കൂടുതല്‍ തുകയുണ്ടാകും.

പുതിയ വ്യവസ്ഥയിലേയ്ക്ക് മാറിയതുകൊണ്ട് ശമ്പള വരുമാനക്കാര്‍ക്ക് നേട്ടമില്ലാത്തതാണ് പദ്ധതിയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. 80സി പ്രകാരമുള്ള നിക്ഷേപം, ആരോഗ്യ ഇന്‍ഷുറന്‍സ്(80ഡി), വീട്ടുവാടക അലവന്‍സ്, ലീവ് ട്രാവല്‍ അലവന്‍സ്, സ്റ്റാന്‍ഡേഡ് ഡിഡക് ഷന്‍ തുടങ്ങിയ ഇനങ്ങള്‍ക്കൊന്നും പുതിയതില്‍ കിഴിവ് ലഭ്യമല്ല. ഇത്തരം ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പഴയ വ്യവസ്ഥ പ്രകാരം നകുതി ബാധ്യത കുറവാണ്. വ്യക്തിഗത ആദായനികുതിയുടെ പുതിയതും പഴയതുമായ വ്യവസ്ഥകളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് അടുത്തയാഴ്ച ചര്‍ച്ച നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *