ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ ഇന്ത്യയിൽ ചെറിയ എക്സ്ക്ലൂസീവ് ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയ്‌ലുമായി ഐഫോൺ നിർമ്മാതാവ് കരാറിലെത്തിയതായാണ് റിപ്പോർട്ട്.
ദക്ഷിണേഷ്യൻ രാജ്യത്ത് ഐഫോണുകൾ വിതരണം ചെയ്യാൻ ഇന്ത്യയിൽ ഒരു ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം സ്ഥാപിക്കുക എന്നതാണ് ടാറ്റ ഗ്രൂപ് മുന്നോട്ട് വെക്കുന്ന ആശയം. ഇതിനെ തുടർന്നുള്ള ചർച്ചയ്‌ക്കൊടുവുനിലാണ് ഇൻഫിനിറ്റി റീട്ടെയ്ൽ ഒരു ആപ്പിൾ ഫ്രാഞ്ചൈസി പങ്കാളിയായി മാറാൻ ഒരുങ്ങുന്നത്. 500-600 ചതുരശ്ര അടിയിലുള്ള 100 ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനാണ് പദ്ധതി. അതേസമയം ആപ്പിൾ ഇന്ത്യയും ഇൻഫിനിറ്റി റീട്ടെയ്‌ലും ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐഫോണുകളുടെ നിർമ്മാണത്തിലേക്ക് ടാറ്റഗ്രൂപ് കടക്കുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഈ കരാർ വിജയകരമാണെങ്കിൽ, ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റയെ മാറ്റാൻ കഴിയും. നിലവിൽ ചൈനയിലെയും ഇന്ത്യയിലെയും വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് പോലുള്ള തായ്‌വാനീസ് നിർമ്മാണ ഭീമൻമാരാണ് ഇവ നിർമ്മിക്കുന്നത്.
കൊവിഡ് ലോക്ക്ഡൗണുകളും യുഎസുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും മൂലം ഇലക്ട്രോണിക്സ് നിർമ്മാണത്തിലെ ആധിപത്യം നഷ്ടമാകുന്ന ചൈനയെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇത്. ഒരു ഇന്ത്യൻ കമ്പനി ഐഫോണുകൾ നിർമ്മിക്കുന്നത് നിർമ്മാതാക്കള്‍ക്കും ഉത്തേജനമാകും. ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ വർദ്ധിക്കുന്ന സമയത്ത് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഈ നീക്കം ഉപകാരപ്പെട്ടേക്കും. കൂടാതെ, നിർമ്മാണത്തിനും വിതരണത്തിനുമായി ഇന്ത്യയെ പരിഗണിക്കാൻ മറ്റ് ആഗോള ഇലക്ട്രോണിക്സ് ബ്രാൻഡുകളെ പ്രേരിപ്പിക്കാനും ഇതിന് കഴിയും.