രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ചിലർക്ക് അസൂയയാണെന്ന് നിർമ്മല സീതാരാമൻ.

രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ പാർലമെന്റിലെ ചിലർക്ക് അസൂയയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ കറൻസി മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി. 

ഇന്ത്യൻ കറൻസി ദിനംപ്രതി ദുർബലമാവുകയും ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിന് എതിരെ 83 രൂപയിലെത്തുകയും ചെയ്തത് സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന കോൺഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.  “ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്, പക്ഷേ പ്രതിപക്ഷം ഇതിൽ പ്രശ്നം കണ്ടെത്തുന്നു. ഇന്ത്യയുടെ വളർച്ചയിൽ എല്ലാവരും അഭിമാനിക്കണം, എന്നാൽ ചിലർ ഇത് തമാശയായി കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു. 

മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ ലക്ഷ്യമിട്ട് 2013ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ഉദ്ധരിച്ച് അനുമുല രേവന്ത് റെഡ്ഡി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. 

എല്ലാ കറൻസികൾക്കുമെതിരെ ഇന്ത്യൻ രൂപ ശക്തമായിട്ടുണ്ടെന്നും ഡോളർ-രൂപയുടെ ചാഞ്ചാട്ടം അധികമാകാതിരിക്കാൻ വിപണിയിൽ  വിദേശനാണ്യ ശേഖരം റിസർവ് ബാങ്ക് ഉപയോഗിച്ചു എന്നും നിർമ്മല സീതാരാമൻ മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *