വിവിധ കമ്പനികളുടെ പെയ്ഡ് കണ്ടെന്റുകൾ പകർപ്പാവകാശ, ട്രേഡ്മാർക് നിയമങ്ങൾ ലംഘിച്ചു ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നിയമനടപടി. ഇതോടെ പെയ്ഡ് കണ്ടെന്റ് അനധികൃതമായി പ്രചരിപ്പിച്ചവരുടെ പട്ടിക നൽകാൻ ഡൽഹി ഹൈക്കോടതി ടെലഗ്രാമിനോട് നിർദേശിക്കുകയായിരുന്നു.
നിയമം ലംഘിച്ച ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ സീൽ വെച്ച കവറിലാണ് ടെലഗ്രാം കോടതിക്ക് നൽകിയത്. ഇത് രഹസ്യ വിവരങ്ങളാണെങ്കിലും സർക്കാരിനോ പൊലീസിനോ ആവശ്യം വന്നാൽ കൈമാറുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ടെലഗ്രാം സൂക്ഷിക്കുന്നുണ്ട്. പകർപ്പവകാശ ലംഘനം ആരോപിക്കപ്പെടുന്ന ചാനൽ അഡ്മിനുകളുടെ പേരുകളും അവരുടെ ഫോൺ നമ്പറുകളും ഐപി അഡ്രസുകളുമാണ് ടെലഗ്രാം നൽകിയത്.
ഇന്ത്യൻ നിയമം അനുസരിക്കാനും അത്തരം ചാനലുകൾക്ക് പിന്നിലുള്ളവരെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താനും ഡൽഹി ഹൈക്കോടതി ടെലിഗ്രാമിനോട് നേരത്തേ ഉത്തരവിട്ടിരുന്നു. ദക്ഷിണേഷ്യൻ വിപണിയിൽ ഏകദേശം 15 കോടി ഉപയോക്താക്കളുള്ള ടെലഗ്രാമിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. പെയ്ഡ് കണ്ടെന്റുകൾ വ്യാപകമായി ലഭിക്കുമെന്നതിനാൽ ടെലഗ്രാം ചില ഉപയോക്താക്കൾക്കിടയിൽ ജനപ്രീതി നേടിയിട്ടുണ്ട്. സിനിമകളും ടിവി ഷോകളും വ്യാപകമായി പങ്കിടുന്ന, പതിനായിരക്കണക്കിന് ഉപയോക്താക്കളുള്ള നിരവധി ചാനലുകൾ ടെലഗ്രാമിലുണ്ട്.