വർണ നൂലുകൾ കൊണ്ട് തീർത്ത പടുകൂറ്റൻ ഹാരങ്ങൾ.. രണ്ടടി മുതൽ അഞ്ചടിയിലും പത്തടിയിലും ഒക്കെ തീർക്കുന്ന മാലകൾ ശ്രദ്ധിച്ചിട്ടുണ്ടോ?
വിവാഹ വേദികളിലും രാഷ്ട്രീയ നേതാക്കൻമാരുടെ വിജയാഘോഷ വേളകളിലും ചടങ്ങുകളിലും മാത്രമല്ല അമ്പലങ്ങളിലും പള്ളികളിലും ഒക്കെ ഇത്തരം മാലകൾ ഉപയോഗിക്കാറുണ്ട്. പൂമാലകൾ മാത്രമല്ല പല വസ്തുക്കൾ കൊണ്ടുള്ള മാലകൾ ഇപ്പേൾ ലഭ്യമാണ്. ഫ്രഷ് ഫ്ലവർ അധിക സമയം വാടാതെ നിൽക്കാത്തതിനാൽ ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് മാലകൾ ആണ് അധികവും. തമിഴ്നാട്ടിൽ നിന്നും ബെംഗളൂരുവിൽ നിന്നുമൊക്കെയാണ് ഇത്തരം മാലകൾ എത്തുന്നത്.
എന്നാൽ പ്ലാസ്റ്റിക്കിന് ബദലായി വർണ നൂലുകൾ കൊണ്ട് കിടിലൻ മാലകൾ തീർത്ത് വിപണിയിൽ എത്തിക്കുകയാണ് കൊല്ലം സ്വദേശി പ്രീത സനൽ കുമാർ. കാര്യമായ നിക്ഷേപമോ അസംസ്കൃത വസ്തുക്കളോ ഒന്നും ആവശ്യമില്ലാത്ത ഈ ചെറു ബിസിനസിലൂടെ പ്രീത സീസണിൽ പ്രതിമാസം 40,000 രൂപ വരെ നേടാറുണ്ട്. വീട്ടിലിരുന്ന് തന്നെയാണ് പൂമാല നിർമാണം. തിരക്കേറുമ്പോൾ മകൾ സോന ഒപ്പം ചേരും. ദിവസം 2,000 രൂപ വരെയൊക്കെ ലഭിക്കും.
വില 300 രൂപ മുതൽ 4,000 രൂപ വരെ
ഓർഡർ അനുസരിച്ചും നിർമിച്ചു നൽകുന്ന മാലകൾക്ക് 300 രൂപ മുതൽ 4,000 രൂപ വരെ വിലയുണ്ട്. 10 അടി നീളത്തിലെ പടുകൂറ്റൻ മാലയ്ക്കാണ് 4,000 രൂപയിലേറെ ലഭിച്ചത്. കത്രിക, സൂചി, കമ്പിളി നൂൽ എന്നിവ ഉപയോഗിച്ചാണ് മനോഹരമായ മാല നിർമാണം. വർണ നൂലുകൾ കൊണ്ട് ഒഴിവു സമയങ്ങളിൽ പൂക്കളെയും കിളികളെയും ഒക്കെ നിർമിച്ചിരുന്ന പ്രീത അവിചാരിതമായി ആണ് മാല നിർമാണത്തിലേക്കെത്തുന്നത്. നൂലുകൾ കൊണ്ട് പൂക്കൾ തീർത്ത് ഇവ കൊരുത്ത് നിർമിച്ച മാല ഫോട്ടോകളിലും മാറ്റും ചാർത്തുകയായിരുന്നു ആദ്യം. പിന്നീട് ബന്ധുക്കൾക്കും അമ്പലങ്ങളിലും ഒക്കെ നൽകി.
മനോഹരമായ മാല കൂടുതൽ പേർ ആവശ്യപ്പെട്ടതോടെ കടകളിലും നൽകിത്തുടങ്ങി. പാർട്ടിക്കാരെ സമീപിച്ച് ഓരോ പാർട്ടിയുടെ കൊടിക്ക് ചേരുന്ന നിറത്തിലെ മാലകൾ ഒരുക്കാൻ ഓർഡർ നേടിയതാണ് പ്രീതയുടെ ബിസിനസ് പെട്ടെന്ന് വളർത്തിയത്. ഇലക്ഷൻ സമയത്ത് തിരക്കേറും. പാർട്ടിക്കാർ ഇപ്പോൾ നേരിട്ട് വിളിച്ച് ഓർഡർ നൽകും. ഒരു വർഷം വരെ ഈ മാലകൾ പുനരുപയോഗം ചെയ്യാൻ ആകും. പരുത്തി നൂൽ ആയതിനാൽ പ്രകൃതി സൗഹാർദവുമാണ്. കല്ല്യാണങ്ങൾക്കും ഓർഡറനുസരിച്ച് വ്യത്യസ്ത ഡിസൈനിൽ മാലകൾ നിർമിച്ച് നൽകുന്നുണ്ട്.
ഓർഡർ അനുസരിച്ചു ചില കടകളിലും മാലകൾ എത്തിക്കുന്നു. പല വർണങ്ങളിലെ നൂലുകൾ തന്നെയാണ് നിർമാണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. ഇവ വിപണിയിൽ സുലഭമാണ്. കാര്യമായ മുടക്കുമുതലും വേണ്ട. വീട്ടിലിരുന്ന് തന്നെ ഒഴിവ് നേരങ്ങളിൽ എളുപ്പത്തിൽ ചെയ്തെടുക്കാം എന്നതിനാൽ വർഷങ്ങളായി പ്രീത ഈ രംഗത്തുണ്ട്. അമ്മയുടെ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 10-ാം ക്ലാസ് വിദ്യാർത്ഥിയായ മകൾ സോനയും വ്യത്യസ്ത ഡിസൈനുകളിലെ പരിസ്ഥിതി സൗഹാർദ്ദ മാലകൾ തയ്യാറാക്കുന്നുണ്ട്. വിവിധ എക്സിബിഷനുകളിൽ പ്രദർശിപ്പിക്കുക മാത്രമല്ല സ്കൂളിലെ വിവിധ പരിപാടികൾക്ക് ഓർഡറനുസരിച്ച് മാലകളും നിർമിച്ച് നൽകും. മറ്റു ജില്ലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയാണ് ഇപ്പോൾ ഇരുവരുടെയും ലക്ഷ്യം.
9074131453