റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി വഴി നടത്തുന്ന ഇടപാടുകൾ ബാങ്കുകൾക്ക് അറിയാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
അച്ചടിച്ച കറൻസി ഒരാൾ കടയിൽ നൽകുന്നത് ബാങ്കിന് അറിയാനാവില്ലെന്നതു പോലെയാണ് ഡിജിറ്റൽ കറൻസിയും. അക്കൗണ്ടിലെ പണം എടിഎം വഴി പിൻവലിച്ച് പഴ്സിൽ സൂക്ഷിക്കുന്നതു പോലെ തന്നെയാണ് ഇ–റുപ്പിയും. അക്കൗണ്ടിലെ പണം ഇ–റുപ്പി വോലറ്റിലേക്ക് മാറ്റുന്നു എന്നു മാത്രം. വോലറ്റിലെത്തുന്ന പണം പിന്നെന്തിന് ഉപയോഗിക്കുന്നവെന്ന് ബാങ്കുകൾക്ക് അറിയാനാവില്ല. പിന്നെന്തിനാണ് ഇ–റുപ്പിയുമായി ബന്ധപ്പെട്ട് ഭയം പരത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒരാളുടെ വോലറ്റിൽ നിന്ന് മറ്റൊരാളുടെ വോലറ്റിലേക്കാണ് കൈമാറ്റം. യുപിഐ പണമിടപാടുമായുള്ള പ്രധാന വ്യത്യാസവും ഇതാണ്. യുപിഐ വഴി നടത്തുന്ന ഇടപാടുകൾ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ പ്രതിഫലിക്കുമെങ്കിൽ ഇ–റുപ്പിയിൽ ഇതുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.