സ്റ്റാർട്ടപ് എന്നാൽ ഐടി സംരംഭം എന്ന ധാരണ തിരുത്തുകയാണ് സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ. കൃഷി, കരകൗശല, പരമ്പരാഗത മേഖലയിലെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഗ്രാന്റ് നൽകി വളർത്തിയെടുക്കുന്ന രീതിയിലേക്കാണു മാറ്റം. ഒട്ടേറെ സംരംഭങ്ങൾ വിജയകരമായി മുന്നേറുകയാണ്.
എന്നാൽ കറിപ്പൊടി പോലുള്ള സാധാരണ സംരംഭങ്ങളെ സ്റ്റാർട്ടപ് മിഷൻ പിന്തുണയ്ക്കുന്നില്ല. ആശയം നൂതനമായിരിക്കണം. ഐടി അധിഷ്ഠിതമായിരിക്കണമെന്നില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റാർട്ടപ് മിഷൻ കേന്ദ്രങ്ങളുണ്ട്. കണ്ണൂരിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ‘മൈ സോൺ’ എന്ന കേന്ദ്രവുമുണ്ട്. 15 ലക്ഷം രൂപവരെ ഗ്രാന്റ് കിട്ടാം എന്നതാണ് സംരംഭകരുടെ നേട്ടം.