ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ

ആഗോള സാമ്പത്തിക പ്രതിസന്ധികളെ ചെറുത്ത് ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് ലോകബാങ്കും ഫിച്ച് റേറ്റിങ് ഏജൻസിയും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം(ജി‍ഡിപി) 2022–23ൽ 6.9% വളരുമെന്നാണ് ലോകബാങ്കിന്റെ പുതിയ അനുമാനം.   വിവിധ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആദ്യമായാണ് ഒരു രാജ്യാന്തര ഏജൻസി ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തുന്നത്. 

ഒക്ടോബറിൽ ഇന്ത്യയുടെ വളർച്ചാ അനുമാനം ലോകബാങ്ക് 7.5 %ൽനിന്ന് 6.5 ആയി കുറച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഇന്ത്യ 7 ശതമാനം വളരുമെന്നാണ് ഫിച്ച് അനുമാനിക്കുന്നത്. സെപ്റ്റംബറിലും ഇതേ നിരക്കാണ് ഫിച്ച് പ്രവചിച്ചത്.രാജ്യാന്തരതലത്തിൽ വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിലും ഇന്ത്യ മികച്ച ചെറുത്തുനിൽപ്് കാഴ്ച വച്ചതായി ലോകബാങ്കിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 

ലോകമാകെയുള്ള പലിശനിരക്ക് വർധന, വളർച്ചാമുരടിപ്പ്, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങൾ പ്രതികൂലമാണെങ്കിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‍വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരും. മെച്ചപ്പെട്ട ആഭ്യന്തര വിപണിയും അവിടത്തെ ആവശ്യകതയുമാണ് ഇതിനു കാരണം. വളർന്നുവരുന്ന മിക്ക രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെട്ട നിലയിലാണെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി. ജൂലൈ–സെപ്റ്റംബർ പാദത്തിലെ വളർച്ച കണക്കിലെടുത്താണ് വളർച്ചാ അനുമാനം ഉയർത്തിയത്. 

ഇക്കൊല്ലം 7.1 ശതമാനമായിരിക്കും നാണ്യപ്പെരുപ്പം. വരുമാനം വർധിക്കുന്നതിനാൽ, ധനക്കമ്മി കേന്ദ്രസർക്കാർ ലക്ഷ്യമിട്ടപോലെ ജിഡിപിയുടെ 6.4 ശതമാനത്തിൽ എത്തിക്കാൻ കഴിയുമെന്നും ലോകബാങ്ക് റിപ്പോർട്ട് പറയുന്നു. 2023–24 ൽ രാജ്യത്തിന്റെ വളർച്ച 6.6% ആയിരിക്കുമെന്നാണ് വിലയിരുത്തൽ. 

വികസ്വര വിപണികളിൽ അതിവേഗം വളരുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയെന്ന് ഫിച്ച് റേറ്റിങ് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.  വികസ്വര വിപണികളിൽ ഏറ്റവും മികച്ച വളർച്ച ഇന്ത്യ രേഖപ്പെടുത്തും. ആഭ്യന്തര വിപണിയുടെ ഗുണപരമായ പ്രയോജനപ്പെടുത്തലിലൂടെ ആഗോള സാമ്പത്തിക വെല്ലുവിളികളെ ഇന്ത്യ പ്രതിരോധിച്ചുനിൽക്കുകയാണെന്നും ഫിച്ച് പറയുന്നു. 

അതേസമയം അടുത്ത രണ്ട് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം ഫിച്ച് കുറച്ചിട്ടുണ്ട്. 2023–24, 2024–25 വർഷങ്ങളിലെ വളർച്ച യഥാക്രമം 6.2%, 6.9% എന്നിങ്ങനെയായിരിക്കുമെന്ന് ഫിച്ച് വിലയിരുത്തുന്നു. സെപ്റ്റംബറിലെ അനുമാനം  6.7%, 7.1% എന്നിങ്ങനെയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *