ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ്

ഗാർഹിക സംരംഭം ആരംഭിക്കാൻ വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാൻ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. ‘എന്റെ സംരംഭം നാടിന്റ അഭിമാനം’ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കി വരികയാണ്.

പത്തുലക്ഷം രൂപയ്ക്കു താഴെ സ്ഥിര നിക്ഷേപമുള്ള ബാങ്ക് വായ്പയെടുത്ത് ഉല്പാദന സേവന മേഖലകളിൽ പ്രവർത്തിക്കുന്ന നാനോ ഗാർഹിക സംരംഭങ്ങൾക്കാണ് പദ്ധതിയിലൂടെ വായ്പയിളവ് ലഭിക്കുക. വായ്പാ പലിശയുടെ ഒരു ഭാഗം തിരികെ നൽകുന്ന പദ്ധതിയാണിത്. മലിനീകരണ നിബന്ധനകൾ പ്രകാരം ഹരിത, ധവള ഇനത്തിൽപ്പെട്ട യൂണിറ്റുകളായിരിക്കണം. 5 എച്ച്.പി യിൽ താഴെ വൈദ്യുതോർജം മാത്രമേ ഉപയോഗിക്കാവൂ.

യോഗ്യതയുള്ള യൂണിറ്റുകൾക്ക് അവർ അടച്ചു കഴിഞ്ഞ മൂലധന വായ്പയുടെ 6% പലിശതുക പരമാവധി മൂന്നു വർഷത്തേക്ക് തിരിച്ചു നൽകും. വനിത, പട്ടിക വിഭാഗക്കാരുടെ യൂണിറ്റുകൾക്ക് 8% വരെ പലിശത്തുക സബ്സിഡിയായി ലഭിക്കും. യന്ത്രസാമഗ്രികൾ, ഓഫീസ് ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടി എടുക്കുന്ന വായ്പകൾക്ക് ആനുകൂല്യം അനുവദിക്കും.

https://schemes.industry.kerala.gov.in എന്ന വ്യവസായ വകുപ്പു പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാനും ഇതിലൂടെ കഴിയും. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ കേന്ദ്രങ്ങളുമായോ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാം. ബ്ലോക്ക് പഞ്ചായത്ത് / നഗരസഭകളിലെ വ്യവസായ വികസന ഓഫീസർമാരിൽ നിന്നും വിവരങ്ങൾ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *