ശുഭയാത്രകൾ സുരക്ഷിത യാത്രകൾ കൂടിയായിരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കെ.എസ്.ആർ.ടി.സിയുടെയും നിലപാട് അതാണ്. യാത്രക്കാർക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നത്.
കെ.എസ്.ആർ.ടി.സി ബസ്സിൽ കയറുന്ന ഒരോ യാത്രക്കാരനെയും അതിൽ നിന്ന് ഇറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്നlതിന് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് നിലവിലുണ്ട്. കെ.എസ്.ആർ.ടി.സിയും ന്യൂ ഇന്ത്യ അഷ്വറൻസും സംയുക്തമായാണ് സുരക്ഷയൊരുക്കുന്നത്.
രണ്ടു തരത്തിലുള്ള ഇൻഷുറൻസ് പോളിസികളാണ് യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ടിക്കറ്റ് റിസർവു ചെയ്യുന്നവർ, യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് സുരക്ഷ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആൾക്ക് യാത്രയ്ക്കിടെ അപകടം സംഭവിച്ചാൽ ചികിത്സാ ചെലവായി പരമാവധി മൂന്നു ലക്ഷവും മരണം സംഭവിച്ചാൽ ആശ്രിതർക്ക് 10 ലക്ഷവും ലഭിക്കും. നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം സംഭവിച്ചാൽ 2 ലക്ഷം രൂപ ചികിത്സാ ചെലവും മരണം സംഭവിച്ചാൽ ആശ്രിതർക്ക് 5 ലക്ഷം രൂപയും ലഭിക്കും.
യാത്രക്കാരൻ ബസ്സിൽ കയറിയാൽ സ്വന്തം സ്റ്റോപ്പിൽ ഇറങ്ങുന്നതു വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടായിരിക്കും. അപകടം സംഭവിച്ചാൽ ഏറ്റവും അടുത്തുള്ള കെ.എസ്.ആർ.ടി.സി ഓഫീസുമായി ബന്ധപ്പെടണം. യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയൽ രേഖ, ആശുപത്രി ചികിത്സാ രേഖകൾ, ബില്ലുകൾ എന്നിവ സഹിതം ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷിക്കാം.