എന്നാൽ സിൽവർലെെൻ പദ്ധതി എത്തിയില്ലെങ്കിലും കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് ട്രയിനിൽ എത്താമെന്ന സാഹചര്യം ഉടൻ സംസ്ഥാനത്ത് നടപ്പിലാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
വന്ദേ ഭാരത് ട്രെയിനുകൾ (Vande Bharath Trains) സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് മുന്നോടിയായി ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110 മുതൽ 160 കിലോമീറ്റർ വരെയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് നടപ്പിലായാൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്തുവാൻ ഒന്നര മണിക്കൂർ മാത്രം മതിയാകും. മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും ഒരാൾക്ക് കോഴിക്കോട് പിടിക്കുകയും ചെയ്യാം.
രണ്ടു ഘട്ടമായായിട്ടാണ് ട്രയിൻ വേഗത വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഷൊർണ്ണൂർ – മംഗലാപുരം സെക്ഷനിൽ 2025 മാർച്ചിലും ഷൊർണ്ണർ – തിരുവനന്തപുരം സെക്ഷനിൽ 2026 മാർച്ചിലും വേഗത വർദ്ധിപ്പിച്ച് ട്രയിൻ ഓടിത്തുടങ്ങും. 160 കിലോമീറ്ററിലായിരിക്കും അതിനുശേഷം ഈ പാതകളിൽ കൂടി ട്രയിൻ സഞ്ചരിക്കുക. തിരുവനന്തപുരം – മംഗലാപുരം 626കിലോമീറ്റർ ട്രാക്കാണ് നിലവിലുള്ളത്. ഈ ട്രാക്കിൽ 60കിലോഗ്രാം ഭാരമുള്ള റെയിലിടാനും പാലങ്ങൾ ശക്തിപ്പെടുത്താനുമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ ജനങ്ങളും കന്നുകാലികളും പാളം മുറിച്ചു കടക്കാനിടയുളള സ്ഥലങ്ങളി ൽ മതിൽ കെട്ടാനും ഓട്ടോമാറ്റിക് സിഗ്നലിനുള്ള സ്ഥലങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാനും സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. ഈ സമിതിയിൽ നിന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ടെൻഡറുകൾ നൽകാനാണ് തീരുമാനം.
അതേസമയം അതിന് മുമ്പ് തന്നെ ട്രയിനിന് വേഗം കൂട്ടുന്ന നടപടികൾ ആരംഭിക്കമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിനായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലെ റെയിൽവേ ട്രാക്കുകളിൽ വിൻഡോ ട്രെയിലിംഗ് പരിശോധന നടത്തിയിരുന്നു. ആദ്യം തിരുവനന്തപുരം ഷൊർണ്ണർ പാതയിൽ തിരുവനന്തപുരം – കായംകുളം 110കിലോമീറ്ററും കായംകുളം – തറവൂർ 90 കിലോമീറ്ററും തുറവൂർ എറണാകുളം 10കിലോമീറ്ററും എറണാകുളം – ഷൊർണ്ണൂർ 90 കിലോ മീറ്ററുമായി വേഗതവർദ്ധിപ്പിക്കുവാനാണ് നീക്കം.
ഷൊർണ്ണൂർ – പോഡന്നൂർ 92.75കിലോ മീറ്ററിൽ വേഗത 130 കിലോമീറ്ററാക്കി വർദ്ധിപ്പിക്കും. ഈ ജോലി 2026 മാർച്ചി ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഷൊർണ്ണൂർ -മംഗലാപുരം 306.5 കിലോമീറ്ററി 110-130വരെയാക്കി വേഗത വർദ്ധിപ്പിക്കുന്ന ജോലി 2025 മാർച്ചിലും പൂർത്തിയാക്കും. ചെന്നൈ – ബംഗളൂരു വേഗത 160കിലോമീറ്ററായി മാറ്റുന്ന നടപടി നടപ്പ് സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്രയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ രണ്ട് പുതിയ പ്ലാറ്റ്ഫോമുകളും ട്രെയിൻ സ്റ്റേബ്ലിനും നിർമ്മിക്കും. ആകെ 39,57 കോടിരൂപയുടെ നിർമ്മാണമാണ് ഇവിടെ നടത്തുക. നിലവിലുള്ള രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്